Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ഏപ്രില് (H.S.)
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കുക രാജസ്ഥാൻ മോഡൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയെന്ന് അശോക് ഗെഹ്ലോട്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ചിരഞ്ജീവി പദ്ധതി സംസ്ഥാനത്തെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചു.ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള (cashless) ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതിയാവും നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാൻ്റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമടയ്ക്കാതെ ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞു. ചികിത്സയ്ക്കൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 5 ദിവസം മുമ്പും ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെയുമുള്ള മരുന്നുകൾ സൗജന്യമായും ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഇത് ചികിത്സയുടെ തുടർച്ച ഉറപ്പാക്കുകയും രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.
രോഗി മറ്റൊരു സംസ്ഥാനത്താണ് ചികിത്സ തേടുന്നതെങ്കിൽ പോലും ചിരഞ്ജീവി ഇൻഷുറൻസ് പാക്കേജ് അനുസരിച്ചുള്ള തുക അവർക്ക് റീ ഇംപേഴ്സ്മെൻ്റായി ലഭിക്കും. എംആർഐ (MRI), സിടി സ്കാൻ (CT Scan),
എക്സ്-റേ (X-ray) ഉൾപ്പെടെയുള്ള എല്ലാ അത്യാവശ്യ പരിശോധനകളും പൂർണമായും സൗജന്യമാക്കിയിട്ടുണ്ട്. ഇത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ചിരഞ്ജീവി പദ്ധതി മൂലം രാജസ്ഥാനിലെ ഇൻഷുറൻസ് പരിരക്ഷ 93 ശതമാനത്തിലെത്തിയപ്പോൾ ദേശീയ ശരാശരി 42 ശതമാനം മാത്രമാണ്. ഗുജറാത്ത് (44%), മഹാരാഷ്ട്ര (22%), യുപി (16%) തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണിത്. ഇത്തരം സമഗ്രമായ ആരോഗ്യ സുരക്ഷാ സംവിധാനം ജനങ്ങളുടെ 'ആരോഗ്യവകാശത്തെ ' (Right to Health) ശക്തിപ്പെടുത്തുന്നുവെന്നും ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ഒരാൾക്ക് അപകടം സംഭവിക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ, സ്വകാര്യ ആശുപത്രികളിൽ പോലും 24 മണിക്കൂർ സൗജന്യ അടിയന്തര വൈദ്യസഹായം ലഭിക്കും.
2012-ൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സൗജന്യ മരുന്ന് പദ്ധതിയായ നിരോഗി രാജസ്ഥാൻ പദ്ധതി വിപുലീകരിച്ചുകൊണ്ട് 2021-ൽ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ, പരിശോധനകൾ, മുഴുവൻ ചികിത്സ എന്നിവ പൂർണമായും സൗജന്യമാക്കി. ഇതും ചിരഞ്ജീവി പദ്ധതിയും നിലവിൽ വന്നതോടെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യമായ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറിയെന്നും യുഡിഎഫ് സർക്കാർ വന്നാൽ ഇതെല്ലാം കേരളത്തിലും നടപ്പാക്കാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് ഭരണകാലത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വർധനവുണ്ടായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,674 സബ് സെൻ്ററുകൾ, 710 പി.എച്ച്.സികൾ (PHC), 325 സി.എച്ച്.സികൾ (CHC) എന്നിവ തുറന്നു. രാജസ്ഥാനിൽ ഒരു ലക്ഷം ജനസംഖ്യയ്ക്ക് 36 പി.എച്ച്.സികൾ ഉള്ളപ്പോൾ കേരളത്തിൽ ഇത് 17 മാത്രമാണ്.
രാജസ്ഥാനിൽ ഒരു ലക്ഷം പേർക്ക് 11 സി.എച്ച്.സികൾ ഉള്ളപ്പോൾ കേരളത്തിൽ ഇത് 6.5 മാത്രമാണ്. സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 60 ശതമാനവും ഐ.സി.യു കിടക്കകൾ ഏകദേശം 3 മടങ്ങും വർധിച്ചു.
മെഡിക്കൽ സൗകര്യങ്ങൾ വർധിച്ചതോടെ രാജസ്ഥാൻ്റെ ആരോഗ്യ സൂചികകളിലെ പുരോഗതി കാര്യമായി മുന്നേറി.
സംസ്ഥാനത്തെ 95% പ്രസവങ്ങളും ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നു, ഇത് ദേശീയ ശരാശരിയേക്കാൾ 7% കൂടുതലാണ്. 2015-16ൽ 54.8% ആയിരുന്ന വാക്സിനേഷൻ പരിരക്ഷ ഇപ്പോൾ 81% ആയി ഉയർന്നു.
ചികിത്സയ്ക്കായി പാവപ്പെട്ടവർക്ക് തങ്ങളുടെ ഭൂമിയോ ആഭരണങ്ങളോ വിൽക്കേണ്ടി വരാത്ത വിധം രാജസ്ഥാനെ ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്ന് ഗെഹ്ലോട്ട് പറഞ്ഞു. മികച്ച ആരോഗ്യ സംവിധാനത്തിന് പേരു കേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിൻ്റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും യുഡിഎഫ് വന്നാൽ ഇതിനെ മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR