Enter your Email Address to subscribe to our newsletters

Ernakulam , 02 ഏപ്രില് (H.S.)
ഇന്ദിര ഗ്യാരന്റിയില് ഊന്നി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്ത പത്രികയില് ക്ഷേമ പെൻഷൻ 3000 ആക്കി വർധിപ്പിക്കുന്നതടക്കം നിരവധി വാഗ്ദാനങ്ങളാണ് ഉള്ളത്. സ്ത്രീകള്ക്ക് കെഎസ്ആർടിസി ബസുകളില് സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികള്ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്', യുവജനങ്ങള്ക്ക് ബിസിനിസ് ആരംഭിക്കുന്നതിനായി 5,00,000 രൂപ പലിശ രഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്.
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിലും സാമൂഹിക സുരക്ഷാ മേഖലയിലും വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫിന്റെ പ്രകടന പത്രിക. വിവാദമായ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പരിസ്ഥിതി സൗഹൃദമായ ഹൈ സ്പീഡ് റെയിൽവേ പദ്ധതി നടപ്പിലാക്കുമെന്നതാണ് പ്രകടനപത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. അതിവേഗ റെയിൽവേ ശൃംഖല യാഥാർഥ്യമാക്കുന്നതിലൂടെ യാത്രാക്ലേശം പരിഹരിക്കാനും സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും സാധിക്കുമെന്ന് യുഡിഎഫ് ഉറപ്പുനൽകുന്നു.
ഇതിനൊപ്പം സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരദേശവും 44 നദികളും 34 തടാകങ്ങളും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും കോർത്തിണക്കി അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ ശക്തമായ സാന്നിധ്യമാക്കുന്ന 'മിഷൻ സമുദ്ര' പദ്ധതിയും നടപ്പിലാക്കും. വ്യോമയാന മേഖലയിൽ കൊച്ചി വിമാനത്താവളത്തിൽ രണ്ടാം ഘട്ട റൺവേ നിർമാണവും പൈലറ്റ് പരിശീലനത്തിനായി അത്യാധുനിക ഫുൾ ഫ്ലൈറ്റ് സിമുലേറ്ററുകളോടു കൂടിയ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും കണ്ണൂർ വിമാനത്താവള വികസനവും പ്രകടനപത്രികയുടെ മുൻഗണനാ പട്ടികയിലുണ്ട്.
'നോ ബില്', ഷീ ആശുപത്രികള്... അങ്കണവാടി പോലൊരു അമ്മവാടി
സാമൂഹിക സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്. നിലവിലെ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുന്നതിനൊപ്പം അത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് അർഹരായവരുടെ അവകാശമാണെന്ന് ഉറപ്പാക്കാൻ പ്രത്യേക നിയമനിർമാണവും നടത്തും. വിശപ്പുരഹിത കേരളത്തിനായി ഇന്ദിര കാന്റീനുകൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടും ശ്രുതി തരംഗം പദ്ധതിയും പുനരാരംഭിക്കും.
ഡയാലിസിസ് പൂർണമായും സൗജന്യമാക്കുന്നതിനൊപ്പം പോണ്ടിച്ചേരി ജിപ്മർ മാതൃകയിൽ 'നോ ബിൽ' (ബിൽ രഹിത) ആശുപത്രികൾ കേരളത്തിൽ സ്ഥാപിക്കും. വയോധികരായ സ്ത്രീകൾക്കായി അങ്കണവാടി മാതൃകയിൽ 'അമ്മവാടി' എന്ന പദ്ധതിയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആരോഗ്യ സംരക്ഷണത്തിനായി 'ഷീ ഹോസ്പിറ്റലുകളും' പ്രകടനപത്രികയിലെ പുതുമയുള്ള വാഗ്ദാനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് സാമൂഹിക സുരക്ഷാ പെൻഷന്റെ 25 ശതമാനം അധിക തുക നൽകുന്നതിനൊപ്പം സ്പെഷ്യൽ സ്കൂളുകൾക്ക് എയിഡഡ് പദവി നൽകാനും നടപടി സ്വീകരിക്കും.
കാർഷിക മേഖലയ്ക്കും കൈത്താങ്ങ്
കാർഷിക മേഖലയിൽ കർഷകർക്ക് വലിയ താങ്ങാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. റബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയർത്തുന്നതിനൊപ്പം സിയാൽ മാതൃകയിൽ പ്രത്യേക റബർ കമ്പനി ആരംഭിക്കും. നെല്ലിന് 35 രൂപ സംഭരണ വില ഉറപ്പാക്കുകയും പണം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയും ചെയ്യും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും ഇതിലുണ്ട്.
വന്യമൃഗ ശല്യം തടയാൻ ഡ്രോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക സബ് പ്ലാൻ നടപ്പിലാക്കുകയും കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കുകയും ചെയ്യും. മത്സ്യബന്ധന ബോട്ടുകൾക്കും കെഎസ്ആർടിസി ബസുകൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ഇന്ധന സബ്സിഡി നൽകുന്നതിലൂടെ സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു.
യുവജനങ്ങള്ക്ക് 'യുവശ്രീ', അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീട്
യുവജനക്ഷേമത്തിനായി കുടുംബശ്രീ മാതൃകയിൽ 'യുവശ്രീ' സംഘങ്ങൾ രൂപീകരിക്കും. ക്യാമ്പസുകളിലെ അമിത രാഷ്ട്രീയവത്കരണം ഒഴിവാക്കാൻ അക്കാദമിക് സിൻഡിക്കേറ്റ് കൊണ്ടുവരികയും റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് ആക്ടും ഡിസ്ട്രസ് ആപ്പും നടപ്പിലാക്കുകയും ചെയ്യും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് വെമുല നിയമം കൊണ്ടുവരും.
അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീട് നൽകുന്ന ഭവന പദ്ധതിയും ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് അഞ്ചര ലക്ഷം ഏക്കർ ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയും യുഡിഎഫ് ലക്ഷ്യമിടുന്നു. മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ 'Break The Drug Chain' പദ്ധതിയും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 'അവൾക്കൊപ്പം' എന്ന പദ്ധതിയും നടപ്പിലാക്കുന്നതിലൂടെ സുരക്ഷിതമായ ഒരു കേരളമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR