കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലിനെ കടുത്ത ഭാഷയില് വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
Chennai , 02 ഏപ്രില് (H.S.) കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലിനെ (Foreign Contribution (Regulation) Amendment Bill) കടുത്ത ഭാഷയില് വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബില് ക്രിസ്ത്യൻ എൻജിഒകൾ, പള്ളികൾ, മറ്റ് ന
M K Stalin


Chennai , 02 ഏപ്രില് (H.S.)

കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലിനെ (Foreign Contribution (Regulation) Amendment Bill) കടുത്ത ഭാഷയില് വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബില് ക്രിസ്ത്യൻ എൻജിഒകൾ, പള്ളികൾ, മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് എന്നായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പ്രസിഡന്റ് കൂടിയായ സ്റ്റാലിന്റെ പ്രതികരണം. എക്സില് പങ്കിട്ട പോസ്റ്റിലാണ് സ്റ്റാലിൻ ബില്ലിനെ അപലപിച്ചത്.

കേന്ദ്ര ബിജെപി സർക്കാർ നിർദേശിച്ച വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ, 2026 നെ ഞാൻ ശക്തമായി അപലപിക്കുന്നു, ഇത് ക്രിസ്ത്യൻ എൻജിഒകൾ, പള്ളികൾ, മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. സ്റ്റാലിൻ എക്സില് കുറിച്ചു. വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ ശ്രമിച്ചതിന് ശേഷം ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള വിദേശ ധനസഹായം കേന്ദ്ര ബിജെപി സർക്കാർ തടഞ്ഞുനിർത്താൻ ശ്രമിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

അന്യായമായ പ്രസ്തുത ബില് പിൻവലിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളും വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പും ഉണ്ടെങ്കിലും ബില് പ്രത്യേക പാർലമെന്റ് സമ്മേളനത്തില് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നല്കി.

വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് ശേഷം, ഇപ്പോള് മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള വിദേശ ധനസഹായം തടയാൻ കേന്ദ്ര ബിജെപി സർക്കാർ നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളും ക്രിസ്ത്യാനികൾ ധാരാളമായി താമസിക്കുന്ന കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും കാരണം നിലവില് പിന്നോട്ട് പോയെങ്കിലും, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ #FCRA പാസാക്കാൻ വ്യക്തമായ പദ്ധതികളുണ്ട്. ഈ അന്യായവും ഏകപക്ഷീയവുമായ ബിൽ പൂർണ്ണമായും പിൻവലിക്കണം, ബഹുമാനപ്പെട്ട @PMOIndia ഉടൻ നടപടിയെടുക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു, -സ്റ്റാലിൻ പോസ്റ്റില് പറയുന്നു.

ഇന്ത്യയിൽ വിദേശ സംഭാവനകളുടെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് മാർച്ച് 25 ന് ലോക്സഭയിൽ ബില് അവതരിപ്പിച്ചത്. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമിക്കുന്നതാണ് പുതിയ ബില്. അതേസമയം, സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം കേന്ദ്രീകരിക്കാനും ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനുമാണ് ബില് ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു.

ബിൽ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ മകർ ദ്വാറിൽ പ്രതിഷേധം നടത്തിയതോടെ ബുധനാഴ്ച പാർലമെന്റിൽ ബിൽ ചർച്ചാവിഷയമായി. ബഹളത്തിനിടയിൽ, കേന്ദ്ര പാർലമെന്റി കാര്യ മന്ത്രി കിരൺ റിജിജു ഭേദഗതിയെ ന്യായീകരിക്കുകയുണ്ടായി. കോൺഗ്രസും കമ്മ്യൂണിസ്റ്റ് നേതാക്കളും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കിരണ് റിജിജു ആരോപിച്ചു.

കേരള എംപിമാർ വലിയ തെറ്റിദ്ധാരണയിലാണ്. എഫ്സിആർഎ ഭേദഗതി ബിൽ നേരത്തെ അവതരിപ്പിച്ചിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ അത് ഉയർന്നുവന്നിരിക്കുന്നത്. എഫ്സിആർഎ ഇന്ന് പരിഗണനയ്ക്ക് എടുക്കില്ലെന്ന് ഞാൻ ഇന്നലെയും ഇന്നും മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. എഫ്സിആർഎയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റിജിജു ലോക്സഭയില് പറഞ്ഞു.

വിദേശ സംഭാവനകൾ നിയന്ത്രിക്കുക, ദേശീയ താത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും ശരിയായ വിനിയോഗം ഉറപ്പാക്കുക, ഫണ്ടുകളുടെ ദുരുപയോഗം തടയുക എന്നിവയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇത് ഒരു മതത്തിനോ സംഘടനയ്ക്കോ എതിരല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിനായി അവർ സഭയെയോ കേരളത്തിലെ ജനങ്ങളെയോ തെറ്റിദ്ധരിപ്പിക്കരുത് -റിജിജു കൂട്ടിച്ചേർത്തു. രാഷ്ട്രീയ സമ്മർദം കാരണം 2026 ലെ വിദേശ സംഭാവന (ഭേദഗതി) നിയന്ത്രണ ബിൽ ലോക്സഭയിൽ പാസാക്കാൻ സർക്കാർ എടുത്തില്ലെന്ന ആരോപണങ്ങൾ ബുധനാഴ്ച റിജിജു തള്ളിക്കളഞ്ഞിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News