വയനാട് ദുരിതാശ്വാസത്തിനായി സി.പി.ഐ.എം ഫണ്ട് പിരിക്കുകയും അത് കൃത്യമായി നൽകുകയും ചെയ്തിട്ടുണ്ടെന്നും അതിൽ പൂർണമായ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
Kozhikode , 02 ഏപ്രില് (H.S.) വയനാട് ദുരിതാശ്വാസത്തിനായി സി.പി.ഐ.എം ഫണ്ട് പിരിക്കുകയും അത് കൃത്യമായി നൽകുകയും ചെയ്തിട്ടുണ്ടെന്നും അതിൽ പൂർണമായ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്കുടേതായ രീതിയിൽ പിരിച്ച തുക ക
Pinarayi Vijayan


Kozhikode , 02 ഏപ്രില് (H.S.)

വയനാട് ദുരിതാശ്വാസത്തിനായി സി.പി.ഐ.എം ഫണ്ട് പിരിക്കുകയും അത് കൃത്യമായി നൽകുകയും ചെയ്തിട്ടുണ്ടെന്നും അതിൽ പൂർണമായ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്കുടേതായ രീതിയിൽ പിരിച്ച തുക കൃത്യമായ ആവശ്യത്തിനായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വയനാട് ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത വരുത്താത്തത് കോൺഗ്രസാണ്.

പിരിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ നാല് ലക്ഷം വീടുകൾ നിർമ്മിച്ചുവെന്ന വി.ഡി. സതീശന്റെ പ്രസ്താവന ശുദ്ധ നുണയാണ്. 2016-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന്, 4000 വീടുകൾ മാത്രമാണ് നൽകിയതെന്ന് നിയമസഭയിൽ മറുപടി ലഭിച്ചതാണ്. ഇക്കാര്യം പിന്നീട് ഉമ്മൻചാണ്ടിയും വ്യക്തമാക്കിയതാണ്. എന്നാൽ വി.ഡി. സതീശൻ തുടരുന്നത് നുണപ്രചാരണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദം കേരളത്തിന്റെ ചരിത്രത്തിൽ ഒരു സാധാരണ ഭരണകാലമല്ല; ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം പുനർനിർമ്മിച്ച, വികസനത്തിന്റെ പുതിയ പാത തുറന്ന കാലഘട്ടമാണ്. 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നപ്പോൾ കേരളം നേരിട്ടത് സാമ്പത്തിക പരിമിതികളും വൻതോതിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സാമൂഹ്യ സുരക്ഷാ മേഖലയിലെ വെല്ലുവിളികളുമായിരുന്നു. പ്രളയങ്ങൾ, നിപ, കോവിഡ് മഹാമാരി പോലുള്ള അസാധാരണ പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നേറിയത് വ്യക്തമായ രാഷ്ട്രീയ ദർശനത്തിന്റെ കരുത്തിലാണ്. വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണം എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന്റെ അടിസ്ഥാനം.

സ്ത്രീശാക്തീകരണത്തെ ഈ ദശാബ്ദത്തിന്റെ വലിയ നേട്ടമായി ചൂണ്ടിക്കാണിക്കാം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2017-18ൽ 26.5 ശതമാനത്തിൽ നിന്ന് 2023-24ൽ 36.4 ശതമാനമായി ഉയർന്നു. സാമൂഹ്യ സുരക്ഷയിൽ വൻ മുന്നേറ്റം നടന്നു. ക്ഷേമ പെൻഷൻ 600 രൂപയിൽ നിന്ന് 1600 രൂപയായി ഉയർത്തി. ലൈഫ് മിഷൻ വഴി 5 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു. ആരോഗ്യരംഗത്ത് രാജ്യത്തെ സൂചികകളിൽ കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ രംഗത്ത് 11 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തി. അടിസ്ഥാന സൗകര്യ രംഗത്ത് ഏകദേശം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി. ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, കെ-ഫോൺ ഇവ കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി മാറി. ഐടി മേഖലയിലെ തൊഴിൽ 26,000ൽ നിന്ന് 2.5 ലക്ഷമായി ഉയർന്നു. സ്റ്റാർട്ടപ്പുകൾ 800ൽ നിന്ന് 7,700ൽ കൂടുതലായി.

ആർബിഐയുടെ 2025 ഡിസംബർ 11ലെ കണക്കുകൾ പ്രകാരം, കേരളത്തിന്റെ ആളോഹരി വരുമാനം 2016-ൽ 1,66,246 രൂപയായിരുന്നത് 2024-25ൽ 3,08,338 രൂപയായി വർധിച്ചു. സംസ്ഥാനത്തിന്റെ ജിഡിപി 5.61 ലക്ഷം കോടി രൂപയിൽ നിന്ന് 12.48 ലക്ഷം കോടി രൂപയായി ഉയർന്നു. മാനുഫാക്ച്ചറിംഗ് മേഖലയിലെ ഉൽപാദനം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. ബാങ്ക് നിക്ഷേപങ്ങൾ 36.61 ലക്ഷം കോടി രൂപയിൽ നിന്ന് 89.48 ലക്ഷം കോടി രൂപയായി ഉയർന്നു. ഈ നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ടാണ് 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്.

950 നിർദ്ദേശങ്ങളടങ്ങിയ ഈ പ്രകടനപത്രികയെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനായി 60 ഇന പരിപാടിയായി സംഗ്രഹിച്ചിട്ടുണ്ട്. കേരളത്തെ കേവല ദാരിദ്ര്യരഹിത സംസ്ഥാനമാക്കും. അഞ്ച് ലക്ഷം ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താനുള്ള സമഗ്ര പദ്ധതി നടപ്പാക്കും. എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും. പഠിച്ചാൽ ജോലി ഉറപ്പുവരുത്തും. യുവജനങ്ങളെ തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരാക്കി മാറ്റും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120 ആയി ഉയർത്തി ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. വീടിനടുത്ത് ജോലി ചെയ്യാനുള്ള 'വർക്ക് നിയർ ഹോം' സംവിധാനം വ്യാപിപ്പിക്കും.

നിർമ്മാണ മേഖലയുടെ പങ്ക് 2031-ഓടെ 16 ശതമാനമായി ഉയർത്തും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായ വികസനം ശക്തമാക്കും. കൃഷി, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ നവീകരിക്കും. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കും. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ശക്തമായ ഇടപെടലുകൾ നടത്തും. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയോടെ ഇടപെടും. കഴിഞ്ഞ പത്ത് വർഷം നമ്മൾ തെളിയിച്ചത് വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് സാധ്യമാണ് എന്നാണ്. ജനങ്ങളെ വിശ്വസിച്ചാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്, ഈ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് എൽഡിഎഫ് കരുതുന്നെന്നും മുഖ്യമന്ത്രി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News