ലോക്സഭയിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) ബിൽ 2026 അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Newdelhi , 02 ഏപ്രില് (H.S.) ലോക്സഭയിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) ബിൽ 2026 അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം സിഎപിഎഫ് ബിൽ രാജ്യസഭ പാസാക്കിയിരുന്നു. ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള തസ്തികകളും അഡീഷനൽ ഡയറക്ടർ
Amit Shah


Newdelhi , 02 ഏപ്രില് (H.S.)

ലോക്സഭയിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) ബിൽ 2026 അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം സിഎപിഎഫ് ബിൽ രാജ്യസഭ പാസാക്കിയിരുന്നു. ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള തസ്തികകളും അഡീഷനൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള 67 ശതമാനം തസ്തികകളും ഡെപ്യൂട്ടേഷൻ വഴി നികത്തണമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.

സ്പെഷൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ റാങ്കിലുള്ള എല്ലാ തസ്തികകളും ഡെപ്യൂട്ടേഷൻ വഴി മാത്രമേ നികത്താവൂ എന്നും ബിൽ വ്യക്തമാക്കുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശസ്ത്ര സീമാ ബൽ (എസ്എസ്ബി), സിഐഎസ്എഫ് തുടങ്ങിയ സായുധ സേനകൾ ഉൾപ്പെടുന്നതാണ് സിഎപിഎഫ്.

എന്നാൽ ബില്ലിലെ വ്യവസ്ഥകൾ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിച്ചതോടെയാണ് ബിൽ പാസാകുന്നത് വൈകിയത്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (എസ്എജി) തലം വരെയുള്ള സിഎപിഎഫ് കേഡറുകളിൽ ഡെപ്യൂട്ടേഷനായി നീക്കിവച്ചിരിക്കുന്ന തസ്തികകളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ക്രമേണ കുറയ്ക്കണമെന്ന് 2025ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ വിധിയുടെ ലംഘനമാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ബിൽ അവതരണത്തിൽ കോൺഗ്രസ് വിമർശനം

ബിൽ അവതരിപ്പിച്ച സമയക്രമത്തെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻകൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് റാലിക്കായി അസം സന്ദർശിക്കുന്ന ദിവസം തന്നെ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവം പദ്ധതിയിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിഎപിഎഫ് കേഡർ ഉദ്യോഗസ്ഥരുടെ അവസരങ്ങൾ നിഷേധിക്കുകയും ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉയർന്ന തസ്തികകൾ നൽകുകയും ചെയ്യുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു.

ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബിൽ

അമരാവതിയെ സംസ്ഥാനത്തിൻ്റെ ഏക തലസ്ഥാനമായി അംഗീകരിക്കുന്നതിനുള്ള ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബിൽ 2026 അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞദിവസം ബിൽ ശബ്ദവോട്ടിലൂടെ ലോക്സഭ പാസാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും ടിഡിപിയും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു.

അമരാവതിയെ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ അതിവേഗ നീക്കം. ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായതോടെയാണ് പുതിയ തലസ്ഥാനത്തിനായുള്ള ആവശ്യം ശക്തമായത്. മുൻ വൈഎസ്ആർസിപി സർക്കാർ മുന്നോട്ടുവച്ച മൂന്ന് തലസ്ഥാനങ്ങൾ എന്ന ആശയം റദ്ദാക്കിയാണ് ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ പുതിയ ബിൽ കേന്ദ്രം അവതരിപ്പിക്കുന്നത്.

രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെപ്പോലെ അമരാവതിയും വികസിക്കട്ടെയെന്ന് ചർച്ചയിൽ പങ്കെടുത്ത മാണിക്കം ടാഗോർ പ്രതികരിച്ചു. ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ ആരംഭിച്ച ആദ്യ കോൺഗ്രസ് അംഗമാണ് മാണിക്കം ടാഗോർ. ഗ്രാമവികസനത്തിനും പഞ്ചായത്തീരാജിനുമുള്ള സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ ഇരുസഭകളിലും അവതരിപ്പിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ (സിഎജി) റിപ്പോർട്ടുകളും സഭകളുടെ മേശപ്പുറത്തുവയ്ക്കും. സ്വകാര്യ അംഗങ്ങളുടെ കാര്യങ്ങളും ഇരുസഭകളുടെയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News