Enter your Email Address to subscribe to our newsletters

Newdelhi , 02 ഏപ്രില് (H.S.)
പശ്ചിമേഷ്യന് സംഘര്ഷം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില് കഴിഞ്ഞ ദിവസം മന്ത്രിതല സുരക്ഷാ സമിതി യോഗം ചേര്ന്നു. ന്യൂഡല്ഹിയില് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. പശ്ചിമേഷ്യയില് സംഘര്ഷം ആരംഭിച്ച ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്.
പ്രതിസന്ധിയുടെ ആഘാതവും ഇന്ത്യക്കാരെ ഇതില് നിന്ന് സംരക്ഷിക്കാന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കൈക്കൊണ്ട നടപടികളും യോഗം വിലയിരുത്തി. സംഘര്ഷം ഇന്ത്യാക്കാരെ ബാധിക്കാതിരിക്കാന് സാധ്യമായ എല്ലാ നടപടികളും നിര്ദ്ദിഷ്ട വകുപ്പുകള് കൈക്കൊണ്ടിട്ടുണ്ടെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വാര്ത്താക്കുറിപ്പില് പറയുന്നു. സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങള് പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്ത് രാസവളം ലഭ്യതയെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. റാബി-ഖാരിഫ് കാലത്ത് രാസവളം ലഭ്യത ഉറപ്പാക്കാനുള്ള നടപടികള് കൈക്കൊള്ളണമെന്ന് അദ്ദേഹം മന്ത്രാലയത്തിന് നിര്ദ്ദേശം നല്കി.
സംഘര്ഷത്തിന്റെ ആഘാതത്തില് നിന്ന് ഇന്ത്യാക്കാരെ സംരക്ഷിക്കാന് സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വസനീയമായ വിവരങ്ങള് ജനങ്ങളിലേക്ക് എത്തിക്കാന് വേണ്ട നടപടികളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിലൂടെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പടരുന്നത് തടയാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പെട്രോളിയം ഉത്പന്നങ്ങള് പ്രത്യേകിച്ച് ദ്രവീകൃത പ്രകൃതി വാതകം, ദ്രവീകൃത പെട്രോളിയം വാതകം അതായത് പാചകവാതകം എന്നിവയുടെ അടക്കമുള്ളവയുടെ വിതരണം ഉറപ്പാക്കാന് കൈക്കൊണ്ട നടപടികളെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി വിശദീകരിച്ചു. മതിയായ ഊര്ജ്ജ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
പാചക വാതകം സമാഹരിക്കാന് ഉറവിട വൈവിധ്യം നടത്തി. വിവിധ രാജ്യങ്ങളില് നിന്ന് പുതുതായി ഇവ കണ്ടെത്തും. സമാനമായി ദ്രവീകൃത പ്രകൃതിവാതകവും വിവിധ രാജ്യങ്ങളില് നിന്നെത്തിക്കും. ഗാര്ഹിക ഉപയോക്താക്കള്ക്കുള്ള പാചക വാതകത്തിന്റെ വിലയില് മാറ്റമുണ്ടായിട്ടില്ല. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ പൂഴ്ത്തി വയ്പും കരിംചന്തയും തടയാന് നിരന്തരം പരിശോധനകള് നടത്തുന്നുണ്ടെന്നും വാര്ത്താക്കുറിപ്പില് പറയുന്നു.
പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്ഷനുകള് വര്ദ്ധിപ്പിക്കാന് നടപടികള് തുടങ്ങിക്കഴിഞ്ഞു. ഊര്ജ്ജോപഭോഗം കൂടുന്ന വേനല്ക്കാലത്ത് തടസമില്ലാതെ എത്തിക്കാനായി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 7-8 ജിഗാവാട്ട് ശേഷിയുള്ള കേന്ദ്രങ്ങളില് വാതക കരുതല് വര്ദ്ധിപ്പിക്കും. തെര്മല് പവര് സ്റ്റേഷനുകളില് കൂടുതല് കല്ക്കരി എത്തിക്കുമെന്നും വാര്ത്താക്കുറിപ്പില് പറയുന്നു.
കൃഷി, വ്യോമയാനം, കപ്പല്ഗതാഗതം, ചരക്ക് കടത്ത് തുടങ്ങിയ മറ്റ് മേഖലകളിലെ വെല്ലുവിളികള് നേരിടുന്നത് സംബന്ധിച്ച ചര്ച്ചകളും നടന്നു.
വളം വിതരണം ഉറപ്പാക്കാന് ആവശ്യത്തിന് യൂറിയ ഉത്പാദനം, ഡിഎപി, എന്പികെഎസ് എന്നിവ വിദേശത്ത് നിന്ന് എത്തിക്കാനുള്ള ഏകോപനവും നടക്കുന്നുണ്ട്.
കരിംചന്തയും പൂഴ്ത്തി വയ്പും വളം കടത്തും മറ്റും തടയാന് നടപടികള് കൈക്കൊള്ളണമെന്ന് സംസ്ഥാന സര്ക്കാരുകളോട് നിര്ദ്ദേശിച്ചിട്ടുണ്ട്. ദൈനംദിന പരിശോധനയും ശക്തമായ നടപടികളും കൈക്കൊള്ളണം. ഭക്ഷ്യോത്പന്നങ്ങളുടെ ചില്ലറ വില്പ്പന വില ഒരുമാസമായി സ്ഥിരമാണ്. അവശ്യചരക്ക് നിയമ പ്രകാരം വില സ്ഥിരത ഉറപ്പാക്കാനും നിരീക്ഷണത്തിനുമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കണ്ട്രോള് റൂമുകള് സജ്ജമാക്കിയിട്ടുണ്ട്. കാര്ഷികോത്പന്നങ്ങള്, പച്ചക്കറികള്, പഴങ്ങള് എന്നിവയുടെ വിലയും നിരീക്ഷിക്കുന്നുണ്ടെന്നും വാര്ത്താക്കുറിപ്പില് പറയുന്നു.
ഇന്ത്യയുടെ ഊര്ജ്ജം, വളം, മറ്റ് വിതരണ ശൃംഖല എന്നിവ ആഗോളതലത്തില് വൈവിധ്യവത്ക്കരിച്ചു. ഹോര്മൂസ് കടലിടുക്ക് വഴി കപ്പലുകള് സുരക്ഷിതമായി കടന്ന് പോകാനുള്ള രാജ്യന്തര നടപടികളും നയതന്ത്ര നടപടികളും തുടരുന്നു.
മികച്ച ഏകോപനം, തത്സമയം ആശയവിനിമയം, ജില്ല സംസ്ഥാന കേന്ദ്ര സര്ക്കാര് തലത്തിലുള്ള കൃത്യമായ നടപടികള്, കാര്യക്ഷമമായ വിവരങ്ങള് ശേഖരിക്കലും നല്കലും, പൊതുജനാവബോധം സൃഷ്ടിക്കല് എന്നിവയും നടന്ന് വരുന്നതായി വാര്ത്താക്കുറിപ്പില് പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR