മമത സര്ക്കാരിന് എതിരെ വിമര്ശനവുമായി സുപ്രീംകോടതി; ഏറ്റവും കൂടുതല് രാഷ്ട്രീയ ചേരിതിരിവ് ബംഗാളിന്
New delhi, 02 ഏപ്രില്‍ (H.S.) പശ്ചിമ ബംഗാളിലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മാള്‍ഡയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിലായാണ് കോടതി വിമര്‍ശനം. സംസ്ഥാന പശ്ചിമ ബംഗാള്‍ രാ
Supreme Court


New delhi, 02 ഏപ്രില്‍ (H.S.)

പശ്ചിമ ബംഗാളിലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മാള്‍ഡയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിലായാണ് കോടതി വിമര്‍ശനം. സംസ്ഥാന പശ്ചിമ ബംഗാള്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിന്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

'നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അക്രമികള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പുലര്‍ച്ചെ രണ്ട് മണി വരെ ഞാന്‍ സാഹചര്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു,' എന്ന് ചീഫ് ജസ്റ്റിസ് ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാനോ നിയമം കൈയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സായുധ സേനയെ വിന്യസിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

മാള്‍ഡയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ചവരാണ് മൂന്ന് വനിതാ ജഡ്ജിമാര്‍ അടക്കം ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ചത്. സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ്.ഐ.ആര്‍) ഭാഗമായി എത്തിയ ഇവരെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ വൈകുന്നേരം 4 മണി മുതല്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു. ഈ വിഷയത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്.

സംഭവത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമം കൈയ്യിലെടുക്കാനും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, സുരക്ഷാ വീഴ്ചയില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.

മാള്‍ഡയിലെ കാളിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ (BDO) ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ഘരാവോ ചെയ്യുകയായിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ രാത്രി വൈകി പോലീസ് സംഘം എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും ചെയ്തു.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുതിയ വോട്ടര്‍ പട്ടികയില്‍ നിന്ന് 63 ലക്ഷത്തിലധികം പേരുകള്‍ നീക്കം ചെയ്യപ്പെടുകയും 60 ലക്ഷത്തോളം വോട്ടര്‍മാരെ പുനഃപരിശോധനയ്ക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കേസുകള്‍ പരിശോധിക്കാനെത്തിയതായിരുന്നു ബന്ദികളാക്കപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാര്‍.

---------------

Hindusthan Samachar / Sreejith S


Latest News