എല്പിജി പ്രതിസന്ധി പരിഹരിക്കാന് കേന്ദ്ര ഇടപെടല്; മറ്റ് രാജ്യങ്ങളില് നിന്നും ഇറക്കുമതി ചെയ്യാന് തീരുമാനം
New delhi, 02 ഏപ്രില്‍ (H.S.) പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ നിര്‍ണായക നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ പാചകവാതക ലഭ്യതയും സുര
Symbolic image of LPG एलपीजी


New delhi, 02 ഏപ്രില്‍ (H.S.)

പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ നിര്‍ണായക നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ പാചകവാതക ലഭ്യതയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പാചകവാതക പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന പരിശോധനകള്‍ നടത്താനും തീരുമാനമായി.

വേനല്‍ക്കാലത്തെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ആവശ്യത്തിനു കല്‍ക്കരി സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റുകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി. കഴിഞ്ഞ ഒരു മാസമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണവിധേയമാണ്. വിലനിലവാരം തത്സമയം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു.

യൂറിയ ഉല്‍പാദനം വര്‍ധിപ്പിക്കാനും മറ്റ് വളങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ആഗോള വിതരണക്കാരുമായി ഏകോപനം നടത്തുന്നുണ്ട്. പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ കൃത്യമായ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കുത്തനെ കൂട്ടി. ഇന്നു പ്രാബല്യത്തില്‍വന്നവിധം 195.50 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ വില 2092 രൂപയായി. കോഴിക്കോട്ട് 2214.5 രൂപ. തിരുവനന്തപുരത്ത് 2113 രൂപ. കഴിഞ്ഞമാസം 7ന് 115 രൂപയും കൂട്ടിയിരുന്നു.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില തല്‍ക്കാലം കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍, മാര്‍ച്ച് 7ന് ഈ സിലിണ്ടറിന്റെ വിലയിലും 60 രൂപ വര്‍ധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയില്‍ 920 രൂപയും കോഴിക്കോട്ട് 921.5 രൂപയുമാണ് വില.

---------------

Hindusthan Samachar / Sreejith S


Latest News