Enter your Email Address to subscribe to our newsletters

Kolkatha, 20 ഏപ്രില്‍ (H.S.)
കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന കമ്പനിയായ ഐ പാക് താൽക്കാലികമായി പ്രവർത്തനം നിർത്തി. നിയമപരമായ ചില തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് ജീവനക്കാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് 20 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് 11ന് ശേഷം സാഹചര്യം വിലയിരുത്തി അടുത്ത നടപടി സ്വീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരിൽ പലരും. കീഴ്ഘടകങ്ങളിലെ പ്രവർത്തനം നിലച്ചെങ്കിലും, മുതിർന്ന ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ചേർന്ന് പ്രചാരണ തന്ത്രങ്ങളും ഏകോപനവും തുടരുന്നുണ്ടെന്നാണ് വിവരം.
ഐ പാക് ഡയറക്ടർമാർക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണവും റെയ്ഡുകളും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. അടുത്തിടെ കമ്പനിയുമായി ബന്ധപ്പെട്ട ഒരാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പ്രചാരണ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെന്ന വാർത്തകൾ തൃണമൂൽ കോൺഗ്രസ് തള്ളി. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രചാരണം ശക്തമായി മുന്നോട്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മമത ബാനർജിയുടെ തന്ത്രപ്രധാന നീക്കങ്ങൾക്ക് പിന്നിൽ ഐ പാക് ആയിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കമ്പനിക്കുണ്ടായ ഈ തിരിച്ചടി തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Sreejith S