Enter your Email Address to subscribe to our newsletters

Kannur, 20 ഏപ്രില്‍ (H.S.)
ലോൺ ആപ്പ്, ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടർന്ന് കാണാതായ യുവാവിനെ കണ്ടെത്തി. എട്ട് ദിവസം മുമ്പ് കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവിനെ കണ്ടെത്തി. വിഷ്ണുവിനെ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നാണ് കുടുംബം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദം മൂലമാണ് യുവാവ് വീട് വിട്ടിറങ്ങിയത്.
വിഷ്ണുവിനെ കാണാതായതോടെ വീട്ടുകാർ വലിയ ആശങ്കയിലായിരുന്നു ഈ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത്. മൊബൈൽ ഫോൺ ഇല്ലാതെ നാടുവിട്ടതിനാൽ യാതൊരു വിവരവും ലഭിക്കാതിരുന്നത് പൊലീസിൻ്റെ അന്വേഷണത്തെയും ബാധിച്ചിരുന്നു.
ഇന്ന് രാവിലെ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ്റെ മൊബൈൽ ഫോൺ വാങ്ങി വിഷ്ണു അനിയൻ അദ്വൈതിനെ വിളിച്ചിരുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് തിരികെ വരാൻ താത്പര്യമില്ലെന്നാണ് വിഷ്ണു അറിയിച്ചത്.
എന്നാൽ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കടുത്ത മാനസിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അനിയൻ ബോധ്യപ്പെടുത്തി. തുടർന്ന് സിആർപിഎഫിൽ ജോലി ചെയ്യുന്ന അമ്മാവനെ വിളിക്കാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു യാത്രികൻ്റെ ഫോണിൽനിന്ന് വിഷ്ണു അമ്മാവനുമായി ബന്ധപ്പെട്ടു. അമ്മാവൻ്റെ നിർദേശപ്രകാരമാണ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയത്. തുടർന്ന് അമ്മാവനും മറ്റ് ബന്ധുക്കളും സ്റ്റേഷനിൽ എത്തി വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. അവശനിലയിലുള്ള യുവാവിനെ ഉടൻതന്നെ നാട്ടിലെത്തിക്കും.
ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തതാണ് വിഷ്ണുവിന് തിരിച്ചടിയായത്. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ആപ്പുകാരുടെ ഭീഷണിയുണ്ടായി. ഈ പ്രതിസന്ധി മറികടക്കാൻ ബ്ലേഡ് മാഫിയയിൽനിന്ന് പലിശയ്ക്ക് പണം വാങ്ങി. ഇതോടെ കടം പെരുകി ഒരു ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയായി.
നിരന്തരമുള്ള ഭീഷണിയും സമ്മർദവും താങ്ങാനാവാതെയാണ് വീട് വിട്ടിറങ്ങിയത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് വടകര ബസ് സ്റ്റാൻഡിൽവച്ച് ഒരു സുഹൃത്തിൽനിന്ന് ആയിരം രൂപ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ കണ്ടെത്തിയത്.
വിഷ്ണുവിനെ കാണാതായത് മുതൽ കാഞ്ഞങ്ങാട് ആനന്ദാശ്രമം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബന്ധുക്കളും പൊലീസും വിശദമായ തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥ ദീപ്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലോൺ ആപ്പ് മാഫിയയുടെ ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് ഉടൻതന്നെ വിഷ്ണുവിൻ്റെ മൊഴി രേഖപ്പെടുത്തും. വരുംദിവസങ്ങളിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
---------------
Hindusthan Samachar / Sreejith S