Enter your Email Address to subscribe to our newsletters

Kanyakumari, 20 ഏപ്രില്‍ (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇറാനിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് മോദി ഇസ്രയേൽ സന്ദർശിച്ചത് ട്രംപിൻ്റെ നിർദേശം അനുസരിച്ചാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൂത്തുക്കുടിയിൽ വച്ച് നടന്ന റാലിക്കിടെയാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ട്രംപ് ആവശ്യപ്പെട്ടാൽ മോദി എവിടേയ്‌ക്ക് വേണമെങ്കിലും ചാടുമെന്നും പറഞ്ഞു. യുദ്ധം മുന്നിൽ നിൽക്കെ ട്രംപിൻ്റെ നിർദേശമനുസരിച്ച് പെട്ടെന്ന് ഇസ്രയേൽ സന്ദർശിച്ചതും തിരിച്ചെത്തിയതും എല്ലാം വിരൽചൂണ്ടുന്നത് എപ്‌സ്‌റ്റീൻ ഫയലിലേയ്‌ക്കും അദാനിയിലേയ്‌ക്കുമാണെന്നും അടിവരയിട്ടു.
അതേസമയം, റാലിക്കിടെ എഐഎഡിഎംകെ (ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) ബിജെപിയ്‌ക്ക് കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി. ഡിഎംകെയും കോൺഗ്രസും അവരുടെ സഖ്യകക്ഷികളും ചേർന്ന് തമിഴ്‌നാടിൻ്റെ സംസ്‌കാരം, ഭാഷ, ചരിത്രം എന്നിവ സംരക്ഷിക്കുമ്പോൾ, തമിഴർ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും ഇത് ബിജെപിക്ക് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങൾ അടിവരയിട്ടുകൊണ്ട് ഓരോ സംസ്ഥാനത്തിനും അവരുടേതായ ശബ്‌ദവും പ്രാതിനിധ്യവും ഉണ്ടായിരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഓരോ സംസ്ഥാനത്തെയും ജനങ്ങൾ സ്വന്തം സംസ്ഥാനം ഭരിക്കണം. ഒരു ഭാഷ, ഒരു ചരിത്രം, ഒരു പാരമ്പര്യം എന്ന ആശയത്തിൽ വിശ്വസിക്കണം. പക്ഷേ, ബിജെപി ഇങ്ങനെ ചിന്തിക്കുന്നില്ല. ബിജെപി സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭരണഘടന മാനിക്കാനും ബിജെപിക്ക് കഴിയുന്നില്ല എന്നും വ്യക്തമാക്കി.
സമാധാന പൂർണമായ മണിപ്പൂർ എന്ന സംസ്ഥാനത്തോട് ബിജെപി എന്താണ് ചെയ്‌തതെന്ന് നോക്കൂ എന്ന് മണിപ്പൂർ സംഘർഷത്തെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. നൂറുകണക്കിന് ആളുകളെയാണ് കൊലയ്‌ക്ക് കൊടുത്തത്. ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണെന്നും സൂചിപ്പിച്ചു.
കൂടാതെ, പാർലമെൻ്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെക്കുറിച്ചും അതിർത്തി നിർണയ ബില്ലുകളെക്കുറിച്ചും നടന്ന ചർച്ചകൾ ഓർമ്മിപ്പിച്ചുകൊണ്ട്, രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് ഘടനയിൽ മാറ്റം വരുത്തുക എന്നതാണ് ബിജെപിയുടെ യഥാർഥ ഉദ്ദേശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ചെയ്യുന്നത് ദേശവിരുദ്ധ നടപടിയാണ്. അതുകൊണ്ടാണ് പാർലമെൻ്റിൽ ബില്ല് പരാജയപ്പെട്ടത്. രാജ്യത്തെ ബാധിക്കുന്ന ഏത് ബില്ലിനെയും തുടർന്നും പരാജയപ്പടുത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S