വോട്ട് തേടി സുരേഷ് ഗോപി കോയമ്പത്തൂരില്; വാനതി ശ്രീനിവാസനു വേണ്ടി പ്രചാരണം
Coimbatore, 20 ഏപ്രില്‍ (H.S.) കോയമ്പത്തൂര്‍ : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തമിഴ്‌നാട്ടില്‍ ആവേശം. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കോയമ്പത്തൂരില്‍ പ്രചാരണ തിരക്കിലാണ്. ബിജെപി സ്ഥാനാർഥികള്‍ക്കു വേണ
Suresh gopi


Coimbatore, 20 ഏപ്രില്‍ (H.S.)

കോയമ്പത്തൂര്‍ : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തമിഴ്‌നാട്ടില്‍ ആവേശം. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി കോയമ്പത്തൂരില്‍ പ്രചാരണ തിരക്കിലാണ്.

ബിജെപി സ്ഥാനാർഥികള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് സുരേഷ് ഗോപി. കോയമ്പത്തൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന മഹിളാ മോര്‍ച്ച മുന്‍ അധ്യക്ഷ കൂടിയായ വാനതി ശ്രീനിവാസന് വേണ്ടി സുരേഷ് ഗോപി മലയാളത്തില്‍ വോട്ട് അഭ്യര്‍ഥിച്ചു. മലയാളികള്‍ ഏറെയുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍ നോര്‍ത്ത്.

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത അടക്കമുള്ള പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു. വാനതിക്ക് വേണ്ടി കാടടച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്‍ഡി എ സഖ്യത്തെ നയിക്കുന്ന അണ്ണാ ഡി എം കെ നേതാക്കളും വാനതിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.

മലയാളികള്‍ ഏറെയുള്ള മണ്ഡലത്തിലെ വടവല്ലി ഭാഗത്താണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രചാരണം നടത്തിയത്. സ്ഥാനാർഥി വാനതി ശ്രീനിവാസനോടൊപ്പം വടവല്ലിയിലെ മുത്തപ്പ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തരെ സുരേഷ് ഗോപി മലയാളത്തില്‍ അഭിസംബോധന ചെയ്‌തു. വാനതി ശ്രീനിവാസന്‍ തനിക്ക് സഹോദരിയെ പോലെയാണെന്നും അവരെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കണമെന്നും വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിനായി പല നല്ല കാര്യങ്ങളും വാനതി ശ്രീനിവാസന്‍ ചെയ്‌തു. പൊതുജനങ്ങളുടെ വിവിധങ്ങളായ വിഷയങ്ങള്‍ക്കു വേണ്ടി അവര്‍ തമിഴ്‌നാട് നിയമസഭയില്‍ ശബ്‌ദമുയര്‍ത്തി. ഇപ്പോള്‍ കോയമ്പത്തൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കുന്ന ആ സഹോദരിയെ തെരഞ്ഞെടുത്ത് അയക്കേണ്ടത് ജനങ്ങളുടെ കടമയാണ്. വാനതി ശ്രീനിവാസനെപ്പോലുള്ള നിരവധി നല്ല ആളുകള്‍ നിയമസഭയിലെത്തണം. അവരുടെ സിംഹനാദം സഭയില്‍ മുഴങ്ങണം. അതിനായി വോട്ടവകാശം വിനിയോഗിക്കണം. -സുരേഷ് ഗോപി പറഞ്ഞു.

തുടര്‍ന്ന് വടവല്ലി മേഖലയിലെ മഹാറാണി അവന്യൂ, കാട്ടു വിനായഗര്‍ ടെമ്പിള്‍, ടാറ്റാ നഗര്‍ എന്നിവിടങ്ങളിലും സുരേഷ് ഗോപി പ്രചാരണം നടത്തി.

---------------

Hindusthan Samachar / Sreejith S


Latest News