Enter your Email Address to subscribe to our newsletters

Thrissur,20 ഏപ്രില്‍ (H.S.)
തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാക ഉയരുന്നതോടെ സാംസ്കാരിക തലസ്ഥാനം പൂരത്തിൻ്റെ നാളുകളിലേക്ക് കടക്കും. ഈ മാസം 26നാണ് പൂരപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂർ പൂരം.
പൂരത്തിൻ്റെ ആദ്യ കൊടിയേറ്റം ലാലൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നടന്നു. രാവിലെ എട്ടു മുതൽ 8.15 വരെയുള്ള മുഹൂർത്തത്തിലായിരുന്നു ലാലൂർ ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്. ഇതിനുശേഷം രാവിലെ 11നും 11.30നും ഇടയിലുള്ള സമയത്ത് തിരുവമ്പാടി ക്ഷേത്രത്തിൽ പൂരപ്പതാക ഉയർത്തും. തുടർന്ന് ചെറിയ സമയ വ്യത്യാസത്തിൽ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ഇതോടൊപ്പം തന്നെ മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറുന്നതോടെ പൂരത്തിനായുള്ള ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. കേരളത്തിൻ്റെ ഒരു ദേശീയ ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന പൂരത്തിനായി ലക്ഷക്കണക്കിന് ആളുകളാണ് ഇത്തവണയും തൃശൂരിലേക്ക് എത്തുക.
ആവേശമായി സാമ്പിൾ വെടിക്കെട്ട്
പൂരത്തിനായുള്ള പ്രധാന ഒരുക്കങ്ങളെല്ലാം നഗരത്തിൽ പൂർത്തിയായി കഴിഞ്ഞു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സാമ്പിൾ വെടിക്കെട്ട് 24ന് നടക്കും. വെടിക്കെട്ടിനായി പലവിധത്തിലുള്ള സർപ്രൈസുകളും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ചമയ പ്രദർശനവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പൂരത്തിൻ്റെ ആവേശത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനായി തൃശൂർ നഗരത്തിൽ പൂരം എക്സിബിഷനും ഒരു ഭാഗത്ത് സജീവമായി നടക്കുന്നുണ്ട്. പൂരത്തിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരം പൂർണമായും പൂരത്തിൻ്റെ ആവേശത്തിലേക്ക് മാറിക്കഴിഞ്ഞു. പൂരത്തിൻ്റെ ഓരോ ചടങ്ങുകളും കാണാൻ വൻ ജനത്തിരക്കാണ് ഇപ്പോൾ നഗരത്തിൽ അനുഭവപ്പെടുന്നത്. കൊടിയേറ്റം കാണാൻ നിരവധിപ്പേരാണ് ക്ഷേത്രങ്ങളിൽ എത്തിച്ചേർന്നത്.
സ്വരാജ് റൗണ്ടിലെ പന്തൽ നിർമാണ ജോലികളും അവസാന ഘട്ടത്തിലാണ് നടക്കുന്നത്. പാറമേക്കാവിൻ്റെ ഒരു പന്തലും തിരുവമ്പാടിയുടെ രണ്ട് പന്തലുകളുമാണ് വർണപ്പകിട്ടോടെ ഇവിടെ ഒരുങ്ങുന്നത്. രണ്ട്, മൂന്ന് ദിവസത്തിനകം ഈ വർണപ്പന്തലുകളുടെ നിർമാണം പൂർത്തിയാകും. പിന്നീട് ദീപാലങ്കാരങ്ങൾ കൂടി എത്തുന്നതോടെ നഗരം കൂടുതൽ തിളങ്ങും. പൂരത്തിൻ്റെ എല്ലാവിധ ചടങ്ങുകളും വളരെ കൃത്യതയോടെയാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തൃശൂർ നഗരം പൂരത്തിൻ്റെയും വർണങ്ങളുടെയും ലഹരിയിലാകും.
എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എത്തുന്നതോടെയാണ് തൃശൂർ പൂരം അതിൻ്റെ പൂർണതയിൽ എത്തുന്നത്. ജനലക്ഷങ്ങളെ വരവേൽക്കാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് ദേവസ്വങ്ങളും വിവിധ സംഘാടക സമിതികളും. ഇനിയുള്ള നാളുകൾ തൃശൂർ നഗരത്തിന് കാത്തിരിപ്പിൻ്റെയും അതിയായ ആവേശത്തിൻ്റെയും ദിനങ്ങളായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. പൂരത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ പൂരപ്രേമികളും വലിയ ആവേശത്തിലാണ്
---------------
Hindusthan Samachar / Sreejith S