കെ.ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
Hyderabad21 ഏപ്രില് (H.S.) ബിആർഎസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കെസിആറിൻ്റെ പ്രതിപക്ഷ നേതാവെന്ന പദവി ഇല്ലാതാക്കുമെന്നും അതി
രേവന്ത് റെഡ്ഢി


Hyderabad21 ഏപ്രില് (H.S.)

ബിആർഎസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കെസിആറിൻ്റെ പ്രതിപക്ഷ നേതാവെന്ന പദവി ഇല്ലാതാക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ തൻ്റെ പേര് മാറ്റുമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിലെ കതാരം മണ്ഡലത്തിലുള്ള നസ്തൂർപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രജാ പാലനയുടെ ഭാഗമായുള്ള റൈതു ഉത്സവലു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, റൈതു ഭരോസ പദ്ധതിയുടെ രണ്ടാം ഗഡു തുക അവിടെവച്ച് വിതരണം ചെയ്തു.

രാജ്യത്ത് ആദ്യമായി കർഷകർക്ക് സൗജന്യ വൈദ്യുതി നൽകിയത് കോൺഗ്രസ് സർക്കാരാണെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. വലിയ ജലസേചന പദ്ധതികൾ നിർമിച്ചതും കർഷകർക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കിയതും കോൺഗ്രസാണ്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ നിയമം കൊണ്ടുവന്നതും കോൺഗ്രസാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ തന്നെ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചു. രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയതിലൂടെ 25.35 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 22,000 കോടി രൂപയാണ് സർക്കാർ നിക്ഷേപിച്ചത്. റൈതു ഭരോസ പദ്ധതിയുടെ ഭാഗമായി ഒമ്പത് ദിവസത്തിനുള്ളിൽ 9,000 കോടി രൂപയാണ് മുമ്പ് നൽകിയത്. പദ്ധതിയുടെ രണ്ടാം ഗഡുവായി 5,700 കോടി രൂപ കൂടി ഇപ്പോൾ കർഷകർക്ക് നൽകി.

തെലങ്കാനയിലെ 3.5 കോടി ദരിദ്രർക്ക് മികച്ച ഗുണനിലവാരമുള്ള അരിയാണ് സർക്കാർ ഇപ്പോൾ നൽകുന്നത്. മുമ്പ് ആരെങ്കിലും ദരിദ്രർക്ക് ഇത്തരത്തിൽ മികച്ച അരി നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ കൊടിപിടിച്ച് ലക്ഷക്കണക്കിന് പ്രവർത്തകർ കഠിനാധ്വാനം ചെയ്തതിനാലാണ് നിലവിലെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ പാർട്ടി വിട്ട ജീവൻ റെഡ്ഡി പാർട്ടിയുടെയും പ്രവർത്തകരുടെയും വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് ചെയ്തത്

കഴിഞ്ഞ 40 വർഷമായി സ്വന്തം കുടുംബത്തിന് ജീവൻ റെഡ്ഡി നിരവധി രാഷ്ട്രീയ പദവികൾ നേടിക്കൊടുത്തു. തോറ്റപ്പോൾ പോലും കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് വലിയ പരിഗണന നൽകി. 14 തവണ പാർട്ടിയുടെ ബി ഫോം നൽകി മത്സരിപ്പിച്ചു. എന്നിട്ടും വെറും ഒരു വർഷം പദവികളൊന്നും ലഭിക്കാതിരുന്നപ്പോഴേക്കും അദ്ദേഹം ശത്രുപാളയത്തിലേക്ക് പോയിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News