Enter your Email Address to subscribe to our newsletters

Palakkad , 21 ഏപ്രില് (H.S.)
രാവിലെ 10 മണിക്ക് തുറക്കാനിരുന്ന പാലക്കാട് വിക്ടോറിയ കോളജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കുന്നത് മാറ്റി..
സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്. തെരഞ്ഞെടുപ്പ് ഡയറിയും മറ്റ് ചില സുപ്രധാന മെറ്റീരിയലുകളും എടുക്കുന്നതിനാണ് മുറി തുറക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ സംഭവം വിവാദമായതോടെ തീരുമാനം മാറ്റി.
അതേസമയം തുറക്കാൻ തീരുമാനിച്ചത് സാമഗ്രികള് സൂക്ഷിച്ച മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം ഉള്ള സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര് എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്ന്നാണ് തെരഞ്ഞെടുപ്പ് രേഖകള് അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര് വ്യക്തമാക്കിയത്.
ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു.
സ്ഥാനാർഥികളുടെ സാനിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര് വ്യക്തമാക്കി. കോഴിക്കോട്ടെ സ്ട്രോംഗ് റൂം തുറക്കൽ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമും തുറക്കുന്നതിലും ഇന്ന് വിവാദം ഉയര്ന്നത്.
നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, സ്ട്രോങ് റൂം തുറക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ പറഞ്ഞു.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫ് പരാതിയിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിരുന്നു. തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.
സാധാരണഗതിയിൽ വോട്ടെടുപ്പിന് ശേഷം സീൽ ചെയ്യുന്ന സ്ട്രോങ്ങ് റൂമുകൾ വോട്ടെണ്ണൽ ദിവസം മാത്രമാണ് തുറക്കാറുള്ളത്. എന്നാൽ രേഖകൾ എടുക്കാൻ എന്ന പേരിൽ മുറികൾ തുറക്കുന്നത് വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന വിമർശനം യുഡിഎഫ് ഉയർത്തുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR