Enter your Email Address to subscribe to our newsletters

Ernakulam, 22 ഏപ്രില് (H.S.)
പ്രസവത്തെ കുറിച്ചുളള പ്രസ്താവനയുടെ പേരില് എയറിലായിരിക്കുകയാണ് എൻഡിഎ നേതാവും ബിഗ് ബോസ് മുൻ വിജയിയുമായ അഖില് മാരാർ.
പണ്ട് കാലത്ത് പ്രസവം വളരെ കൂളായിരുന്നുവെന്നും ഇന്ന് അത് കോംപ്ലിക്കേറ്റഡാക്കിയെന്നുമായിരുന്നു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് അഖില് മാരാർ പറഞ്ഞത്.
ഇതോടെ സോഷ്യല് മീഡിയ അഖില് മാരാർക്കെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്. അഖില് മാരാർ പറഞ്ഞത് ഇങ്ങനെയാണ്: '' ഒരു കാലത്ത് സ്ത്രീകള്ക്ക് പ്രസവം എന്നത് വളരെ കൂളായിരുന്നു. തമാശയ്ക്ക് ചിലര് പറുന്നത് കേള്ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് ദേ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ച് അവിടെ വെച്ചിട്ടുണ്ട് എന്ന്. ഇത്ര നിസ്സാരമായി, സ്ത്രീകള് വളരെ എന്ജോയ് ചെയ്ത് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറേ ആശുപത്രികള് രക്ഷകര്ത്താക്കളെ പ്രഷറിലാക്കി, അതോടെ ആധി കയറി, ഗര്ഭിണിയായാല് തന്നെ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെണ്കുട്ടിയുടെ മനസ്സിലേക്ക് ഇട്ട് കൊടുത്ത്, 9 മാസം പേടിപ്പിച്ച്, പ്രസവിക്കാനും പറ്റാതെ സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡാക്കി വെക്കും''.
പഴയ കാലത്ത് ശിശു, മാതൃമരണ നിരക്കുകള് വളരെ ഉയർന്നതായിരുന്നുവെന്നും പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ച് അന്നും ഇന്നും നിസ്സാരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോഷ്യല് മീഡിയ മാരാർക്ക് മറുപടി നല്കുന്നത്. മാരാരെ ട്രോളിയും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ പറഞ്ഞതിന് ന്യായീകരിച്ച് അഖില് മാരാർ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
അഖില് മാരാരുടെ ഫേസ്ബുക്ക് കുറിപ്പ്: '' പറയുന്നത് ഉള്കൊള്ളാൻ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്.. പ്രസവം എന്നാല് ഒരു കുഞ്ഞിന് ജന്മം നല്കുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എൻജോയ് ചെയ്യണമെങ്കില് താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവള്ക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..
അങ്ങനെ അത്തരം ഒരു മഹത്വം ആണ് എന്റെ വയറ്റില് വളരുന്ന കുഞ്ഞ് എന്ന ചിന്ത. ഗർഭ കാലത്തെ ആസ്വദിച്ചു മുന്നോട്ട് കൊണ്ട് പോകാൻ ഒരു സ്ത്രീക്ക് കഴിയുന്നത് ഈ മഹത്വത്തിന്റെ മൂല്യം അല്ലെങ്കില് മാതൃത്വത്തിന്റെ മഹത്വം അവള് അറിയുന്നത് കൊണ്ടാണ്.... മറിച്ചു വയറ്റില് വളരുന്ന കുഞ്ഞു എന്റെ ജീവിതം തകർത്തു.. എന്റെ സൗന്ദര്യം തകർത്തു.. ഇനി ഈ നാശത്തെ പ്രസവിച്ചാല് എന്താകും എന്റെ ജീവിതം എന്ന ചിന്തയുമായി ജീവിക്കുന്ന സ്ത്രീ രൂപങ്ങളുമായി ജീവിക്കുന്ന നികൃഷ്ട ജന്മങ്ങളെയും പുരോഗമനത്തിന്റെ പേരില് കുടുംബം എന്ന മൂല്യം ഇല്ലാതാക്കാൻ നടക്കുന്ന ജനങ്ങളെയും ഞാൻ മനുഷ്യ ഗണത്തില് പോലും കൂട്ടുന്നില്ല..
ഇവരൊക്കെ ചേർന്ന് ചെയ്ത ഒരു ഗുണം എന്നത് അമ്മയാകാൻ ഇന്ന് പല പെണ്കുട്ടികള്ക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതു തലമുറയിലെ പെണ്കുട്ടികള്ക്ക് എത്തിയത്. ഗർഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മർദ്ദങള് ഒരു സ്ത്രീക്ക് നല്കി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടപ്പോള് നോർമല് ഡെലിവറി എന്നത് ഇന്ന് കാണാൻ ഇല്ലാത്ത അവസ്ഥ ആയി..
നോർമല് ഡെലിവറി ചെയ്യണമെന്നോ, സിസേറിയൻ വേണ്ട എന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല.. രോഗം വരുന്നതിനേക്കാള് നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്റെ പ്രാധാന്യം പറയുകയാണ്.. ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോണ് വ്യെതിയാനങ്ങള് ഒരു പെണ്കുട്ടിയേ മാനസികമായി ബാധിക്കും, അതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവർ നല്കുന്നത് കരുതല് ആണ്.. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടർമാരും, മരുന്ന് കച്ചവടക്കാരും സമൂഹത്തില് ഗർഭ കാലത്തെ പ്രശ്നങ്ങള് മാർക്കറ്റ് ചെയ്തു അമ്മമാരുടെയും ഗർഭിണികള് ആയ പെണ്കുട്ടിയുടെയും അടുത്ത് എത്തിക്കുന്നു.. പ്രസവിച്ചാല് മരിച്ചു പോകുമോ എന്ന ഭയം പല പെണ്കുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക, ഉത് കണ്ഠ വർദ്ധിക്കുന്നു. ഇത് ഇവരെ കൂടുതല് കുഴപ്പത്തില് എത്തിക്കുന്നു..
ഈ അവസ്ഥ ഇവരെ ആശുപത്രിയില് എത്തിക്കുന്നു അതോടെ കച്ചവടം പൊടി പൊടിക്കുന്നു.. രോഗികള് ഇല്ലാതായാല് ആശുപത്രികള് ഇല്ലാതാകും.. കോടികള് മുടക്കി ആശുപത്രികള് കെട്ടി ഉയർത്തിയത് ദാനം ചെയ്യാനല്ല.. കോടികള് മുടക്കി റിസർച് ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികള് നിങ്ങളില് നിന്ന് തിരിച്ചു പിടിക്കാൻ ആണ്.. പരമാവധി രോഗി ആവാതെ ഇരിക്കാൻ നോക്കണം.. ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാല് അവനില് ശരീരികമായി പ്രശ്നങ്ങള് ഉടലെടുക്കും. അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെണ്കുട്ടിയോട് അവള്ക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങള് ആണ് നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്.. അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കല് കറക്റ്റ്നെസ് നോക്കിയിട്ടല്ല..
ജീവിതത്തില് അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യല് മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേള്ക്കരുത്.. നിങ്ങള് ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കില് നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങള് കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകള് ഉണർത്തുന്ന പുസ്തകങ്ങള് വായിച്ചും,മനസിന് കരുത്തു നല്കുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു.. മരുന്നുകള് ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..
ഗർഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്.. അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്.. ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങള് കുറെയൊക്കെ പറയുന്നുണ്ട്. ഒരു അമേരിക്കൻ മരുന്ന് റിസർച് കമ്പനിയില് ജോലി ചെയ്ത ഒരുവൻ എന്ന നിലയില് ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങള് എനിക്ക് ബോധ്യമുള്ളതാണ്.. നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..
കോടികള് മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയില് പോകണ്ട എന്ന അർത്ഥത്തില് അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക.. ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തില് നോർത്ത് ഇന്ത്യയിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള് കേരളത്തിലെ സ്ത്രീകള്ക്ക് അറിയുക പോലുമില്ല എന്ന വിഷയത്തില് തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക.. വിമർശനം തെറ്റുകള് തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങള് വിളമ്പല് ആവരുത്..
വരികള് അടർത്തി വിമർശിക്കാൻ തുടങ്ങിയാല് ബൈബിള്, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കള് പെട്ട് പോകും..
കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തില് നല്കുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..
NB : ഒന്നിനെയും ഭയക്കാതെ മനസിന് കരുത്തു പകർന്ന് ജീവിക്കാൻ ശ്രമിക്കു ജീവിതം ആസ്വദിക്കാൻ കഴിയും ( സാരംശം )
---------------
Hindusthan Samachar / CHANDHU CHANDRASEKHAR