Enter your Email Address to subscribe to our newsletters

ഇറാൻ- അമേരിക്ക സംഘഷത്തിൽ ഭാവിയിൽ ഇന്ത്യയാകും പ്രധാനമായും മധ്യസ്ഥത വഹിക്കാൻ പോകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ എല്ലായ്പ്പോഴും സമാധാനം ആഗ്രഹിക്കുന്നു. ഭാവിയിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിക്കാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ സമയത്ത് ഇന്ത്യയ്ക്ക് മുന്നോട്ട് വരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജർമ്മനി സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രതിരോധ മന്ത്രി ബെർലിനിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് ദിവസത്തെ ജർമ്മൻ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച ബെർലിനിലെത്തി. ജർമ്മൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. മ്യൂണിക്കിൽ നിന്ന് ബെർലിനിലേക്കുള്ള വിമാനത്തിൽ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. ബെർലിനിൽ എത്തിയപ്പോൾ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായും മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ സംയുക്ത വികസനവും സഹനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജർമ്മൻ വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ സാഹചര്യത്തിൽ ഇന്ത്യ നേരിട്ട് മധ്യസ്ഥത വഹിക്കുന്നില്ലെങ്കിലും ഭാവിയിലെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുളളത്. യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപക്ഷത്തോടും അഭ്യർത്ഥിച്ചുവെങ്കിലും എല്ലാത്തിനും ശരിയായ സമയമുണ്ട്. ഒരുപക്ഷേ ഇന്ത്യ അതിൻ്റെ പങ്ക് നിർവഹിക്കുകയും വിജയിക്കുകയും ചെയ്യുന്ന സമയം വന്നേക്കാം. യുഎസും ഇറാനും തമ്മിലുള്ള ചർച്ചയ്ക്കുള്ള പാകിസ്ഥാൻ ശ്രമങ്ങൾ പാകിസ്ഥാനിൽ ഫലം കാണാത്ത സമയത്താണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
മൂന്ന് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രതിരോധ മന്ത്രി ബെർലിനിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഏകദേശം 3 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികളെ പ്രശംസിച്ച അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ശക്തമായ പാലമായി അവരെ വിശേഷിപ്പിക്കുകയും ചെയ്ത. വ്യാപാരം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കല തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ അവരുടെ സംഭാവന പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയുടെ വാക്കുകൾ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് ലോകം മുഴുവൻ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം ജർമ്മനിയിലെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു.
വിശ്വാസം, പരസ്പര ബഹുമാനം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ജർമ്മനിയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വർഷത്തെ പൂർത്തീകരണം 2026 അടയാളപ്പെടുത്തുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. തങ്ങളുടെ പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ ഇന്ത്യ-ജർമ്മനി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തുടർന്നും സംഭാവന നൽകണമെന്ന് അദ്ദേഹം ഇന്ത്യൻ പ്രവാസികളോട് അഭ്യർത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ഗവൺമെന്റിന്റെ തുടർച്ചയായ പിന്തുണയും സംരക്ഷണവും ഉറപ്പ് നൽകുകയും ചെയ്തു. അടിസ്ഥാന സൗകര്ങ്ങൾ, സ്റ്റാർട്ടപ്പുകൾ, ബഹിരാകാശം, ഡിജിറ്റൽ നവീകരണം എന്നിവയിൽ കൈവരിച്ച പുരോഗതി ശ്രദ്ധിച്ചുകൊണ്ട് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും പ്രതിരോധ മന്ത്രി സംസാരിച്ചു.
ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുക, ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ആത്മനിർഭർ ഭാരതിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. ആശയവിനിമയം ഒരു പ്രത്യേക നിമിഷമാണെന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ്, അവരുടെ പ്രൊഫഷണൽ ബാധ്യതകൾക്കിടയിലും പങ്കെടുത്ത എല്ലാ പങ്കാളികൾക്കും നന്ദി അറിയിച്ചു. തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വാഗതം ശക്തവും വളരുന്നതുമായ ഇന്ത്യ-ജർമ്മനി പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും സന്തുലിതമാണെന്നും അതിനാൽ യുഎസും ഇറാനും തമ്മിലുള്ള യുദ്ധവും സമാധാനവും അവസാനിപ്പിക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
हिन्दुस्थान समाचार / Sreejith S