Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഏപ്രില്‍ (H.S.)
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും ഭാര്യയ്ക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മെയ് 6-ന് വിധി പറയും. കേസിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു എന്ന വിഷയത്തിൽ ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് മ്യൂസിയം പൊലീസ് കോടതിയെ അറിയിച്ചത്. ഇത് നിലനിൽക്കുന്നത് ഇലക്ഷൻ നിയമങ്ങളുടെ പരിധിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇലക്ഷൻ നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നും ഇത്തരം പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാര പരിധിയിൽ വരുന്നതാണെന്നും പ്രോസിക്യൂഷന് വേണ്ടി എ പിപി കല്ലബള്ളി മനു കോടതിയിൽ വാദിച്ചു.
മന്ത്രിയുടെ ഭാര്യ സിഎംആർഎല്ലിൽ (CMRL) നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ വിവരം നാമനിർദേശ പത്രികയിൽ ബോധപൂർവം മറച്ചുവെച്ചു എന്നാണ് ഹർജിക്കാരനായ അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജൻ്റെ വാദം.
ഇത് ഗുരുതരമായ കുറ്റമാണെന്നും ആയതിനാൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. നേരത്തെ ഈ പരാതിയിൽ റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു.
ഇരുഭാഗത്തിൻ്റെയും പ്രാഥമിക വാദം കേട്ട കോടതി, ഹർജിയിൽ വിധി പറയുന്നതിനായി മെയ് 6-ലേക്ക് മാറ്റി വെച്ചു. പൊലീസിൻ്റെ റിപ്പോർട്ടും നിയമപരമായ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ അന്തിമ തീരുമാനം.
---------------
Hindusthan Samachar / Sreejith S