കേരളത്തിൽ വേനൽ മഴയിലെ ഗണ്യമായ കുറവ് മൂലം വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kasaragod , 22 ഏപ്രില് (H.S.) കേരളത്തിൽ വേനൽ മഴയിലെ ഗണ്യമായ കുറവ് മൂലം വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വർഷം സാധാരണയായി പെയ്യേണ്ട മഴയിൽ ഇതുവരെ 38 ശതമാനത്തിൻ്റെ കുറവാണുള്ളത്. ഏപ്രിൽ മാസത
Weather update


Kasaragod , 22 ഏപ്രില് (H.S.)

കേരളത്തിൽ വേനൽ മഴയിലെ ഗണ്യമായ കുറവ് മൂലം വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വർഷം സാധാരണയായി പെയ്യേണ്ട മഴയിൽ ഇതുവരെ 38 ശതമാനത്തിൻ്റെ കുറവാണുള്ളത്.

ഏപ്രിൽ മാസത്തിലെ കുറഞ്ഞ മഴ സംസ്ഥാനത്തെ പലയിടങ്ങളിലും ചൂട് കൂടാൻ കാരണമാക്കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മെയ് മാസത്തിലെ വേനൽ മഴയിലാണ് ജനങ്ങളും കൃഷിക്കാരും ഒരേപോലെ പ്രതീക്ഷയർപ്പിക്കുന്നത്. നിലവിലെ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ചൂട് കടുക്കുന്നു

മെയ് മാസം ആരംഭിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുമെന്ന സൂചന നിലവിലുണ്ട്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും മറ്റു ജില്ലകളിൽ 36 മുതൽ 38 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നത് മൂലം വിയർപ്പും തളർച്ചയും അസ്വസ്ഥതയും കൂടുതലായി അനുഭവപ്പെടും. ഏപ്രിൽ 24 വരെ ഈ കഠിനമായ ചൂട് തുടരാനാണ് സാധ്യത.

മഴയുടെ അഭാവം

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ലഭിച്ച വേനൽ മഴയുടെ കണക്കുകൾ പരിശോധിച്ചാൽ 2023 ലാണ് ഏറ്റവും വലിയ കുറവ് അനുഭവപ്പെട്ടപ്പെട്ടത്. അന്ന് 34 ശതമാനം മഴയുടെ കുറവുണ്ടായി. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പെയ്ത ശക്തമായ മഴ ചൂടിൻ്റെ കാഠിന്യം കുറയ്ക്കാൻ വലിയ സഹായമായി. 2025ൽ 39 ശതമാനം അധിക മഴയാണ് ലഭിച്ചത്. 2018ൽ 44 ശതമാനവും അധിക മഴ ലഭിച്ചിരുന്നു. ഇത്തവണ പെയ്യേണ്ട മഴയുടെ കുറവ് കടുത്ത ജലക്ഷാമത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും കാരണമാക്കിയേക്കാം. ഏപ്രിൽ 21, 22, 23 തീയതികളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് ചിലയിടങ്ങളിൽ സാധ്യത ഉണ്ടെങ്കിലും അത് വലിയ ആശ്വാസം നൽകില്ല.

താപനില റെക്കോർഡുകൾ

കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാ സ്റ്റേഷനുകളിൽ അനുഭവപ്പെട്ട ഉയർന്ന താപനില ആശങ്കാജനകമാണ്. പാലക്കാട് 39.4 ഡിഗ്രി സെൽഷ്യസും പുനലൂരിൽ 38 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. കോട്ടയം 37.7 ഡിഗ്രി, വെള്ളാനിക്കര 37 ഡിഗ്രി എന്നിങ്ങനെയാണ് കണക്കുകൾ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 35.6 ഡിഗ്രിയും കണ്ണൂർ വിമാനത്താവളത്തിൽ 36.8 ഡിഗ്രിയും രേഖപ്പെടുത്തി. താരതമ്യേന കൊച്ചി നേവൽ എയർ സ്റ്റേഷനിലാണ് ചൂട് കുറവ് അനുഭവപ്പെട്ടത്, 32 ഡിഗ്രി സെൽഷ്യസ്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് മുൻകരുതൽ നടപടികൾ ഊർജിതമാക്കേണ്ടതുണ്ട്.

ജാഗ്രത നിർദേശങ്ങൾ

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. പകൽ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഈ സമയങ്ങളിൽ പുറത്തെ ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. ദാഹം തോന്നിയില്ലെങ്കിലും എപ്പോഴും കുടിവെള്ളം കരുതുകയും അത് കൃത്യമായ ഇടവേളകളിൽ കുടിക്കുകയും വേണം. നിർജലീകരണം തടയാൻ ലായനികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അയഞ്ഞ തരം കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിൻ്റെ താപനില ക്രമീകരിക്കാൻ സഹായിക്കും.

പ്രത്യേക കരുതൽ വേണം

കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർ വെയിലത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വഴിയോര കച്ചവടക്കാരും പുറംജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ശാസ്ത്രീയമായി ക്രമീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോരങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജീകരിക്കാൻ സർക്കാർ നിർദേശിച്ചു. വനമേഖലകളിൽ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പരിസരവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനൊപ്പം പരിസ്ഥിതി ജാഗ്രതയും പാലിക്കേണ്ടതുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News