ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ തൻ്റെ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടതിലുള്ള നൈരാശ്യം തീർക്കാൻ ട്രെയിനിനു നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
Kozhikode, 22 ഏപ്രില് (H.S.) ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ തൻ്റെ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടതിലുള്ള നൈരാശ്യം തീർക്കാൻ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. ഫറോക്ക് വടക്കുമ്പാട് ട്രെയിൻ കല്ലേറ് കേസിൽ അറസ്റ്റ
TRAIN PELTING CASE ARREST


Kozhikode, 22 ഏപ്രില് (H.S.)

ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ തൻ്റെ ഇഷ്ട ടീമായ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടതിലുള്ള നൈരാശ്യം തീർക്കാൻ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. ഫറോക്ക് വടക്കുമ്പാട് ട്രെയിൻ കല്ലേറ് കേസിൽ അറസ്റ്റിലായ ബേപ്പൂർ സ്വദേശി കൃഷ്ണകുമാറാണ് കുറ്റം സമ്മതിച്ചത്.

മൂങ്ങയെ കല്ലെറിഞ്ഞപ്പോൾ അബദ്ധത്തിൽ ട്രെയിനിനു കൊണ്ടതാണെന്നായിരുന്നു ഇയാൾ ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ രാത്രി നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യഥാർഥ സംഭവം ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. റെയിൽവെ ഇൻസ്പെക്ടർ സുധീർ മനോഹറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ 10 മാസം ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയ വ്യക്തിയാണ് കൃഷ്ണകുമാർ. ഇയാളെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

ഗുരുതര പരിക്ക്

മാർച്ച് 30ന് രാത്രി 9.50ഓടെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ പുറമേരി എരഞ്ഞോളി താഴെക്കുനി സ്വദേശിയായ ഐശ്വര്യ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്താണ് കല്ല് വന്നിടിച്ചത്. ആഘാതത്തിൽ ഐശ്വര്യയുടെ താടിയെല്ല് തകരുകയും നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.

മുഖത്ത് ആഴത്തിലുള്ള മുറിവുകളും ഏറ്റിരുന്നു. ചോരയൊലിക്കുന്ന നിലയിലായ ഇവരെ മറ്റ് യാത്രക്കാർ ചേർന്നാണ് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചത്. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഇവർ പരീക്ഷാ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവിൽ ഐശ്വര്യയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ബേപ്പൂരിലെ ബാരൽ കച്ചവട കേന്ദ്രത്തിലെ തൊഴിലാളിയാണ് പിടിയിലായ കൃഷ്ണകുമാർ. അന്ന് രാത്രി ചെന്നൈ സൂപ്പർ കിങ്സ് തോറ്റതറിഞ്ഞ് കടയിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ റെയിൽപാളത്തിനരികെ നിൽക്കുമ്പോഴാണ് ട്രെയിൻ എത്തിയത്. തുടർന്ന് സമീപത്തുകിടന്ന കല്ലെടുത്ത് ട്രെയിനിലേക്ക് എറിയുകയായിരുന്നു. ഇതിനു പിന്നാലെ എത്തിയ മറ്റൊരു ട്രെയിനിനു നേരെയും ഇയാൾ കല്ലെറിഞ്ഞു. അതിനുശേഷം തിരികെ കടയിലെത്തി യാതൊന്നും സംഭവിക്കാത്തതുപോലെ ജോലി തുടരുകയും ചെയ്തു.

വലയിലായത് ഇങ്ങനെ

തുടക്കത്തിൽ ആർപിഎഫും റെയിൽവെ പൊലീസും സംയുക്തമായി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് റെയിൽവെ പൊലീസ് മേധാവി മുഹമ്മദ് നജുമുദ്ദീൻ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കാൻ നിർദേശിച്ചു. കല്ലേറുണ്ടായ ദിവസം അതേ സമയത്ത് കടന്നുപോയ വന്ദേഭാരത് ട്രെയിനിലെ ഡിജിറ്റൽ നെറ്റ്വർക്ക് സംവിധാനം ഉപയോഗിച്ച് കല്ലെറിഞ്ഞ സ്ഥലം അധികൃതർ കൃത്യമായി കണ്ടെത്തി. എന്നാൽ പ്രദേശത്ത് സിസിടിവി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃഗങ്ങളെയും പക്ഷികളെയും സ്ഥിരമായി കല്ലെറിയുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് വടക്കുമ്പാട്ടുനിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് മൂങ്ങയെ കല്ലെറിഞ്ഞപ്പോൾ അബദ്ധത്തിൽ കൊണ്ടതാണെന്ന് മൊഴിമാറ്റി. ഇതിനുശേഷം നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് യഥാർഥ കാരണം പുറത്തുവന്നത്.

യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ച പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വരുംദിവസങ്ങളിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. അടുത്തിടെയായി സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസും ആർപിഎഫും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രികാല പട്രോളിങ് ഉൾപ്പെടെയുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും റെയിൽവെ പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News