Enter your Email Address to subscribe to our newsletters

Thrissur , 22 ഏപ്രില് (H.S.)
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന് പിന്നാലെ സുപ്രധാന പ്രതികരണവുമായി ദേവസ്വം അധികൃതരും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും.പൂരത്തിൻ്റെ ശോഭ കുറയ്ക്കണോ അതോ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തണോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന ഏത് തീരുമാനവും ദേവസ്വം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പ്രതികരിച്ചു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൻ്റെയും നാളെ നടക്കാനിരിക്കുന്ന അടിയന്തര യോഗത്തിൻ്റെയും തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്.
പൂരത്തിൻ്റെ ആചാരങ്ങളും ചടങ്ങുകളും മുടങ്ങാൻ പാടില്ലെന്നതാണ് ദേവസ്വത്തിൻ്റെ ആഗ്രഹം. നൂറ്റാണ്ടുകളായുള്ള പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകാനാണ് ദേവസ്വം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കെട്ട് നിർമാണത്തിൽ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസുകളും പാലിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തോടും ദേവസ്വം പൂർണ്ണമായി സഹകരിക്കും. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകളും വിവരങ്ങളും കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവമ്പാടി ദേവസ്വവും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പൂരത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ദേവസ്വം മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഉണ്ടാകും.
അന്വേഷണം അനിവാര്യം, എല്ലാവരും ഒരുമിച്ച് നില്ക്കണെമന്ന് സുരേഷ് ഗോപി
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൻ്റെ കാരണം അറിയേണ്ടത് അനിവാര്യമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൂടുതൽ സഹായങ്ങൾ നൽകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണെം. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ കരുതലാണ്. പെസോ അധികൃതർ ഉടൻ സംഭവസ്ഥലത്തെത്തും. മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സ്ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരും. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 13 പേർ കൊല്ലപ്പെട്ട സംഭവം അതീവ ദാരുണമാണ്. നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈ അപകടം തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.
തൃശൂർ പൂരം വിശ്വാസികളുടെയും നാടിൻ്റെയും വികാരമാണ്. എന്നാൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ പൂരത്തിൻ്റെ ആഘോഷങ്ങളിൽ എന്ത് മാറ്റം വരുത്തണം എന്നത് സംബന്ധിച്ച് ദേവസ്വങ്ങളും സർക്കാരും ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ട പ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. അഞ്ച് മൃതശരീരങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു, മൂന്നെണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎൻഎ ടെസ്റ്റ് വേഗത്തിലാക്കുമെന്നും പൂരം നടത്തിപ്പിൽ ദേവസ്വം ബോർഡുമായി കൂടിയാലോചന നടത്തുമെന്നും കെ രാജൻ പറഞ്ഞു.
നിലവില് 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തു. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോർട്ടം ചെയ്യാനുള്ളത്. തുടർന്ന് ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ഒരാളെ ഇപ്പോൾ സർജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR