കൂടുതൽ നിയന്ത്രണങ്ങളും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളും ഏർപ്പെടുത്തും: മന്ത്രി വാസവൻ
Thrissur , 22 ഏപ്രില് (H.S.) പൂരം മുൻവർഷങ്ങളിൽ വളരെ സുരക്ഷിതമായി സംസ്ഥാനത്ത് നടത്തിയതാണെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്ന കാര്യം സർക്കാ
V N Vasavan


Thrissur , 22 ഏപ്രില് (H.S.)

പൂരം മുൻവർഷങ്ങളിൽ വളരെ സുരക്ഷിതമായി സംസ്ഥാനത്ത് നടത്തിയതാണെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്ന കാര്യം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തിയുള്ള ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമാണ് സർക്കാർ എക്കാലത്തും മുൻഗണന നൽകുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ജനവാസ മേഖലകളിലെ വെടിക്കെട്ട് പുരകളുടെ നിർമാണം, സൂക്ഷിക്കേണ്ട വെടിമരുന്നിൻ്റെ അളവ് എന്നിവയിൽ കർശന പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. സുരക്ഷ വീഴ്ചകൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടസ്ഥലത്തുനിന്നും ഏഴ് പേരുടെ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയാക്കി മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാൻ സാധിക്കാത്ത അവശിഷ്ടങ്ങൾ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും പോസ്റ്റ്മോർട്ടത്തിലേക്ക് കടക്കുക. അപകടസ്ഥലത്ത് പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന ഊർജിതമാക്കി. ദ്രുതഗതിയിൽ വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം സർക്കാർ ഉടൻ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രത്യേക അനുമതി ലഭിച്ചതിന് ശേഷമേ മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപനമുണ്ടാകൂ. മുൻപ് കൊല്ലത്തെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന കർശന സുരക്ഷ മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും: സിപിഎം

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും. പാർട്ടിയും അവരോടൊപ്പമാണ്. പൂരം നടത്തിപ്പ് എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും ഈയൊരു ഘട്ടത്തിൽ ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

തൃശൂർ മുണ്ടത്തിക്കോട്ട് തൃശൂർ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ദുരന്തത്തെക്കുറിച്ച് ഗൗരവകരമായ പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിയത്:

സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് പ്രതിപക്ഷം

മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തിൽ സുരക്ഷാ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ താൻ പറയുന്നില്ലെന്നും, എന്നാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താവൂ എന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ചതും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News