Enter your Email Address to subscribe to our newsletters

Kozhikode , 23 ഏപ്രില് (H.S.)
റോഡിലൂടെയുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി തലയിലേക്ക് എന്തെങ്കിലും വീഴുകയെന്നത് ആരെയും ഭയപ്പെടുത്തുന്നതാണ്. ഇത്തരമൊരു ദുരനുഭവത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു യുവാവിൻ്റെ പരാതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു നാട്. ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവാവിൻ്റെ ഇടപെടലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കാരശ്ശേരി പഞ്ചായത്തിലാണ് നാടിനെ ഒന്നടങ്കം ആശങ്കപ്പെടുത്തിയ ഈ സംഭവമുണ്ടായത്. തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി കാടായിക്കോട്ടിൽ ശിഹാബുദീനാണ് തനിക്ക് നേരിട്ട ദുരനുഭവത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചത്. പരാതി സ്വീകരിച്ച പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മൈസൂർപറ്റയിൽനിന്ന് മുക്കത്തേക്ക് പോകുന്ന വഴിയിൽ പന്നിമുക്കിൽവച്ചാണ് ശിഹാബുദീന് അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൻ്റെ തലയിലേക്ക് അപ്രതീക്ഷിതമായി തെങ്ങിൽനിന്ന് തേങ്ങ വീഴുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കൂടുതൽ ഗുരുതരമായ പരിക്കുകൾ ഒഴിവായി. എന്നാൽ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ തേങ്ങ വീണതോടെ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
വീഴ്ചയുടെ ആഘാതത്തിൽ യുവാവിൻ്റെ കൈക്ക് സാരമായി പരിക്കേറ്റു. കൂടാതെ തലയിൽ ആറ് തുന്നലുകൾ വേണ്ടിവരികയും ചെയ്തു. അപകടത്തിന് ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന ശിഹാബുദീൻ തുന്നലുകൾ മാറ്റിയതിന് ശേഷമാണ് നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാൻ നേരിട്ട് പഞ്ചായത്തിലെത്തി പരാതി നൽകിയത്.
കർശന നടപടിയുമായി പഞ്ചായത്ത്
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന തെങ്ങുകളിൽനിന്ന് തേങ്ങയും തെങ്ങോലകളും യാത്രക്കാരുടെ ദേഹത്തേക്കും വാഹനങ്ങളിലേക്കും വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥലമുടമകൾ കൃത്യസമയത്ത് തേങ്ങയിടാൻ വൈകുന്നതാണ് ഇത്തരം അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. തനിക്ക് ഇങ്ങനെയൊരു അപകടം സംഭവിച്ചതുപോലെ ഇനി മറ്റൊരാൾക്കും ദുരനുഭവമുണ്ടാകാതിരിക്കാനാണ് പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് അടിയന്തര ശ്രദ്ധ നൽകണമെന്ന് ശിഹാബുദീൻ അധികൃതരോട് ആവശ്യപ്പെട്ടത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇത്തരം അപകടങ്ങൾ നിരന്തരം ഭീഷണിയുയർത്തുന്നുണ്ട്. വലിയ വാഹനങ്ങൾക്ക് മുകളിലേക്കാണ് വീഴുന്നതെങ്കിൽ അപകടത്തിൻ്റെ ആഘാതം കുറവായിരിക്കും. എന്നാൽ ഇരുചക്ര വാഹന യാത്രക്കാരുടെ ജീവന് തന്നെ ഇത് ഭീഷണിയാണ്.
യുവാവിൻ്റെ പരാതി കേട്ട പഞ്ചായത്ത് പ്രസിഡൻ്റ് അദ്ഭുതപ്പെട്ടെങ്കിലും സംഭവത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് ഉടൻതന്നെ ഇടപെട്ടു. തൻ്റെ മുന്നിൽ ആദ്യമായാണ് ഇത്തരമൊരു പരാതിയത്തുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതതീവ ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം അപകടങ്ങൾ നേരത്തേയുമുണ്ടായിട്ടുണ്ട്. അതിനാൽ പഞ്ചായത്തടിസ്ഥാനത്തിൽ ഉടൻതന്നെ സർവേ നടത്തി അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യപടിയായാണ് സർവേ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. റോഡിലേക്ക് അപകടകരമായ രീതിയിൽ നിൽക്കുന്ന തെങ്ങുകളും മറ്റ് മരങ്ങളുമുള്ള സ്ഥലമുടമകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം മരച്ചില്ലകൾ വെട്ടിമാറ്റാനും സുരക്ഷയുറപ്പാക്കാനും അടിയന്തര നടപടികളെടുക്കുമെന്ന് പ്രസിഡൻ്റ് പരാതിക്കാരന് ഉറപ്പുനൽകി. റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിയൊതുക്കുന്ന കാര്യത്തിൽ വ്യക്തികളും കൂടുതൽ ജാഗ്രത കാണിക്കണമെന്ന നിർദേശവും ഭരണസമിതി നൽകും. വേറിട്ട പരാതിയുമായെത്തിയ ശിഹാബുദീൻ്റെ പരിക്കിനെക്കുറിച്ചും ആരോഗ്യ വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് യുവാവിനെ യാത്രയാക്കിയത്.
പഞ്ചായത്ത് എത്രത്തോളം വേഗത്തിൽ അന്തിമ നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും പരിശോധന നടപ്പിലാക്കാനാണ് ജനപ്രതിനിധികൾ ഒരുങ്ങുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR