നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയൽ റൂം ചട്ടം ലംഘിച്ച് തുറന്ന സംഭവത്തിൽ നിയമനടപടിയുമായി കോൺഗ്രസ്.
Kozhikode , 23 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയൽ റൂം ചട്ടം ലംഘിച്ച് തുറന്ന സംഭവത്തിൽ നിയമനടപടിയുമായി കോൺഗ്രസ്. ഗുരുതരമായ വീഴ്ച വരുത്തിയ പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്കെതിരെ നടപടിയെടുക്കാത്ത
KOZHIKODE STRONG ROOM ISSUE


Kozhikode , 23 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയൽ റൂം ചട്ടം ലംഘിച്ച് തുറന്ന സംഭവത്തിൽ നിയമനടപടിയുമായി കോൺഗ്രസ്. ഗുരുതരമായ വീഴ്ച വരുത്തിയ പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്കെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതൃത്വം കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസിൻ്റെ നീക്കം.

കലക്ടർക്കെതിരെയും ആരോപണം

വീഴ്ച വ്യക്തമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്ത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെയും പരസ്യമായി രംഗത്തുവരികയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യത തകർത്ത ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജില്ലയിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്നുള്ള മെറ്റീരിയൽ റൂമിൽ കയറി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് നേരത്തെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പരിശോധന നടത്തുന്ന വിവരം സ്ഥാനാർഥികളെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നാണ് പേരാമ്പ്ര റിട്ടേണിങ് ഓഫിസർ അന്ന് വിശദീകരണം നൽകിയത്. എന്നാൽ നിയമപരമായ ചട്ടങ്ങൾ പൂർണമായി പാലിക്കാതെയാണ് അതീവ സുരക്ഷാ മേഖലയിലുള്ള മുറി അടിയന്തരമായി തുറന്നതെന്ന് പിന്നീട് വ്യക്തമായി. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ വലിയ ആശങ്കയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നത്.

റിപ്പോർട്ടിലെ വീഴ്ചകൾ

സംഭവത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്ക് വീഴ്ച പറ്റിയതായി എടുത്തുപറഞ്ഞിരുന്നു. സ്ട്രോങ് റൂം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിൽ മറ്റൊരു മുറിയും പ്രവർത്തിക്കാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്. ഇത് മറികടന്ന് അവിടെ തന്നെ മെറ്റീരിയൽ റൂം സജ്ജീകരിച്ചത് കലക്ടറുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

ഒരുകാരണവശാലും തുറക്കാൻ പാടില്ലാത്ത മെറ്റീരിയൽ റൂം തുറക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയതും ജില്ലാ കലക്ടറാണ്. അതുകൊണ്ടുതന്നെ സുരക്ഷാ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം റിട്ടേണിങ് ഓഫിസർക്ക് മാത്രമല്ല കലക്ടർക്ക് കൂടിയുണ്ടെന്നാണ് യുഡിഎഫിൻ്റെ ശക്തമായ നിലപാട്. പോളിങ് കഴിഞ്ഞയുടനെ സ്ട്രോങ് റൂമുകൾക്ക് കേന്ദ്രസേനയുടെ ഉൾപ്പെടെ കനത്ത കാവൽ ഏർപ്പെടുത്താറുണ്ട്. ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം നിലനിൽക്കെയാണ് നടപടിക്രമങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.

നടപടികൾ പാലിച്ചില്ലവോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം മാത്രമല്ല കേന്ദ്രത്തിലെ മറ്റൊരു മുറിയും തുറക്കാൻ പാടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. ഈ നിർദേശം ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് കൊയിലാണ്ടി റിട്ടേണിങ് ഓഫിസർ ഉൾപ്പെടെയുള്ളവർ സ്ട്രോങ് റൂമിന് സമീപമെത്തിയത്. വീഴ്ച വരുത്തിയ രണ്ട് റിട്ടേണിങ് ഓഫിസർമാർക്കും ഔദ്യോഗികമായി നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ തുടർനടപടികൾ സ്വീകരിക്കാൻ കലക്ടർ തയാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നുവന്ന പല പരാതികളിലും കലക്ടർ നീതിപൂർവം ഇടപെട്ടില്ലെന്ന ആക്ഷേപം യുഡിഎഫിനുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് മുൻപ് വലിയ വിവാദം ഉയർന്നപ്പോഴും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കലക്ടർ തയാറായില്ലെന്ന് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിൽനിന്ന് ഒരുതരത്തിലും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമമായി കോടതിയെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News