Enter your Email Address to subscribe to our newsletters

Kasaragod , 23 ഏപ്രില് (H.S.)
പാലക്കാട്ടെ ഉയർന്ന താപനില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കായ 41.9 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡിലേക്ക് അടുക്കുന്നു. നിലവിൽ 41.1 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ പകൽചൂട്. വരും ദിവസങ്ങളിലും ചൂട് വർധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
സാധാരണയേക്കാൾ 4.7 ഡിഗ്രി അധിക ചൂടാണ് പാലക്കാട് മുൻ ദിവസങ്ങളിലുണ്ടായത്. സംസ്ഥാനത്ത് ചൂട് അളക്കുന്ന 12 സ്റ്റേഷനുകളിൽനിന്നുള്ള വിവരപ്രകാരം പുനലൂരിൽ 39.8 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
കൊടുംചൂടിനെ തുടർന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് താപനില മുന്നറിയിപ്പില്ലാത്തത്. ഈ മാസം 24 വരെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരും. താപനില ഉയർന്നത് കാർഷിക മേഖലയെയടക്കം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പലയിടത്തും ഇതിനോടകം കുടിവെള്ള ക്ഷാമവും രൂക്ഷമായി.
റെക്കോർഡുകൾ തിരുത്തി പാലക്കാട്
കഴിഞ്ഞ 72 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2016 മാർച്ച് 27നാണ് പാലക്കാട് റെക്കോഡായി ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. അന്ന് 41.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇതിന് മുൻപ് 1953ലാണ് ഇത്രയും കൊടുംചൂട് അനുഭവപ്പെട്ടത്. 2024 ഏപ്രിൽ 28ന് ജില്ലയിൽ 41.8 ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നിരുന്നു. മിക്ക വർഷങ്ങളിലും പാലക്കാട്ടെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താറുണ്ട്. 2016ൽ 41.7, 2024ൽ 41.6, 41.5, 41.4, 2019ൽ 41.1, 1989ൽ 41 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ ഉയർന്ന പകൽതാപനില. രാവിലെ മുതൽ രാത്രി വരെ അസഹനീയമായ ചൂടാണ് ജില്ലയിലെ ജനങ്ങൾ നേരിടുന്നത്.
കുറഞ്ഞ് വേനൽമഴ
സംസ്ഥാന ചരിത്രത്തിലുണ്ടായ വേനൽമഴയുടെ വൻ കുറവാണ് കടുത്ത ചൂടിന് പ്രധാന കാരണം. സാധാരണയേക്കാൾ 38 ശതമാനം വേനൽമഴയാണ് ഇത്തവണ കുറഞ്ഞത്. എന്നാൽ 21 മുതൽ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വ്യാപകമായ വേനൽമഴയ്ക്ക് നിലവിൽ യാതൊരു സാധ്യതയുമില്ല. ഈ ദിവസങ്ങൾക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് താപനില ഉയരും. ഏപ്രിൽ അവസാനത്തോടെ മാത്രമേ കേരളത്തിൽ വേനൽമഴ സജീവമാകാൻ സാധ്യതയുള്ളൂവെന്ന് വിലയിരുത്തുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽമഴയുടെ ലഭ്യതയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. 2023ൽ മാർച്ച് മുതൽ മെയ് വരെയുള്ള സമയത്ത് 34 ശതമാനം മഴയുടെ കുറവാണുണ്ടായത്. എന്നാൽ അക്കൊല്ലം കാലവർഷം കൃത്യമായി എത്തിയതോടെ ചൂടിന് വേഗത്തിൽ ശമനമായി. ഒരു വർഷം 39 ശതമാനവും 2018ൽ 44 ശതമാനവും 2021ലും 2022ലും അധിക വേനൽമഴ സംസ്ഥാനത്ത് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ശക്തമായ ഭാഗമായാണ് ഇപ്പോൾ ചൂട് ക്രമാതീതമായി വർധിക്കുന്നത്.
ജാഗ്രത നിർദേശംഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിർദേശമുണ്ട്. പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളുന്നത് പൂർണമായും ഒഴിവാക്കണം.
നിർജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പെട്ടെന്ന് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പ്രത്യേക കരുതൽ വേണം.
സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികൾ വീടിന് പുറത്ത് നേരിട്ട് വെയിലേൽക്കുന്ന രീതിയിൽ കളിക്കാൻ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാൽ വൈകാതെ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുടെ പകൽ ജോലി സമയം ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തണലും കുടിക്കാൻ വെള്ളവും ഉറപ്പാക്കാനും പ്രത്യേകം നിർദേശമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR