Enter your Email Address to subscribe to our newsletters

Amravati , 23 ഏപ്രില് (H.S.)
ആന്ധ്രാപ്രദേശിൽ അഞ്ചംഗ കുടുംബത്തിന് ദാരുണാന്ത്യം. സ്വന്തം അമ്മയെയും ഭാര്യയെയും കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയ ശേഷം മക്കളെയും കൂട്ടി ജീവനൊടുക്കി ഗൃഹനാഥൻ. മോഹനൻ, അമ്മ ചന്ദ്രകല (65), ഭാര്യ ഹരിത (33) മക്കളായ കൗശിക് (14), ഹരിണി (12) എന്നിവരാണ് മരിച്ചത്. തിരുപ്പതിയലാണ് സംഭവം.
അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അമ്മയെയും ഭാര്യയെയും കൊല്ലപ്പെടുത്തിയ ശേഷം മോഹനൻ വീട്ടിൽ നിന്നും രാവിലെ ഇറങ്ങുകയായിരുന്നു. തൻ്റെ സ്വന്തം മക്കൾ പഠിക്കുന്ന സ്കൂളിലേക്കാണ് മോഹനൻ പോയത്. അവിടെ എത്തിയ മോഹനൻ കുടംബാഗം മരിച്ചിട്ടുണ്ടെന്നും മക്കളെ കൂട്ടി കൊണ്ടുപോവണമെന്നും സ്കൂൾ അധികൃതരോട് പറഞ്ഞു.
ഇതിനിടയിലാണ് ഹരിതയുടെ അനിയൻ വീട്ടിൽ വരുന്നത്. വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഹരി അകത്ത് കിടക്കുന്ന മൃതദേഹങ്ങൾ കാണുന്നത്. ഉടൻ തന്നെ മോഹനനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് മക്കളെ മോഹനൻ സ്കൂളിൽ നിന്നും കൂട്ടികൊണ്ടു പോയി എന്ന വിവരം അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പിതാവും മക്കളും സ്കൂട്ടറിൽ പോകുന്നതായി സിസിടിവി ദൃശ്യത്തിലൂടെ മനസിലായി.
അവർ മൂവരും എത്തിയത് വേപ്പഗുണ്ട റെയിൽവേ സ്റ്റേഷനിലാണ്. അച്ഛൻ എങ്ങോട്ടോ യാത്രയ്ക്ക് കൂട്ടികൊണ്ട് പോവുകയാണെന്ന് കരുതിയിരിക്കുയാണ് മക്കൾ രണ്ടുപേരും. അതിനിടയിൽ അമ്മയെയും മുത്തശ്ശിയെയും കുറിച്ച് ചോദിച്ചതോടെ പതിയെ അവർ പ്ലാറ്റ്ഫോമിലൂടെ നടക്കൻ തുടങ്ങി. ഒടുവിൽ ചെന്ന് എത്തിയത് റെയിൽവേ ട്രാക്കിന് അടുത്താണ്.
അതും റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ച് മാറി. ട്രാക്കിലേക്ക് ആ അച്ഛനും മക്കളും കേറി നിന്നു. അപ്പോഴേക്കും അകലെ നിന്ന് ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട മക്കൾ അച്ഛനെ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധിച്ചില്ല. മക്കളുടെ കൈയാകട്ടെ പിതാവ് മുറുകെ പിടിച്ചിരുന്നതിനാൽ അവർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അതിവേഗതയിൽ വന്ന എഗ്മോർ-കാച്ചെഗുഡ എക്സ്പ്രസ് മൂവരുടെയും മേൽ ഇടിച്ചുകയറി. സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയും ചെയ്തു.
പിന്നാലെ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. അപകടം മനസിലാക്കിയ കുട്ടികൾ, അച്ഛനെ പിന്തിരിപ്പിക്കാൻ നോക്കിയതായി ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിക്ക് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇരട്ട കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR