Enter your Email Address to subscribe to our newsletters

Chennai , 23 ഏപ്രില് (H.S.)
തമിഴ്നാട്ടിലെ തങ്ങളുടെ സഖ്യം ശക്തമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യതയില്ലെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ വ്യക്തമാക്കി.
നടൻ വിജയുമായി സഖ്യം ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിതിൻ നബിൻ ഈ കാര്യങ്ങള് പങ്കുവെച്ചത്. രാഷ്ട്രീയത്തില് പുതുതായി വരുന്നവർക്ക് പെട്ടെന്ന് വലിയ സ്വാധീനം ചെലുത്താൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ തിരഞ്ഞെടുപ്പില് ഡി.എം.കെ-യുടെ അഴിമതിയും സനാതന ധർമ്മത്തിനെതിരായ നിലപാടും ജനശ്രദ്ധയില് എത്തിച്ചതായി നബിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില് ഞങ്ങളുടെ സഖ്യം വളരെ ശക്തമാണ്. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്ല. വിജയുമായി സഖ്യം ആവശ്യമില്ല, എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്ത് എൻ.ഡി.എ. സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും നബിൻ ഉറപ്പിച്ചുപറഞ്ഞു.
തമിഴ്നാട്ടില് നടപ്പാക്കിയ മണ്ഡല പുനർനിർണയത്തെ (Delimitation) കുറിച്ചുള്ള ചോദ്യത്തിന്, ആരാണോ അത് നടപ്പാക്കിയത്, അവർക്ക് സ്വന്തം നിയമത്തില് വിശ്വാസമില്ലേയെന്നും, അവരവരുടെ ഭരണകാലത്ത് കൊണ്ടുവന്ന പുനർനിർണയത്തില് എന്തെങ്കിലും കുറവുകളുണ്ടായിരുന്നോ എന്നും നബിൻ തിരിച്ചുചോദിച്ചു. രാഹുല് ഗാന്ധിയുടെ പെരുമാറ്റത്തെയും ഭാഷയെയും അപക്വമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വാജ്പേയിയെപ്പോലുള്ള മുതിർന്ന നേതാക്കള് പ്രതിപക്ഷ നേതാക്കളായിരുന്ന കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു.
വനിതാ വോട്ടർമാരുടെ പിന്തുണയെക്കുറിച്ച് സംസാരിച്ച നിതിൻ നബിൻ, രാജ്യത്തുടനീളമുള്ള സ്ത്രീകള് ബി.ജെ.പിക്ക് അനുകൂലമാണെന്നും പശ്ചിമ ബംഗാളിലും ഈ സാഹചര്യം മാറില്ലെന്നും പറഞ്ഞു. അവിടെ സ്ത്രീകള്ക്ക് മതിയായ ബഹുമാനം ലഭിക്കാത്തതിനാല് അവർ ഭയത്തിലാണ് ജീവിക്കുന്നതെന്നും ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടി ഭരണത്തിലെത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായി ഒരിക്കലും സഖ്യമില്ലെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു. ബിജെപി ആദര്ശ ശത്രുവും ഡിഎംകെ രാഷ്ട്രീയ ശത്രുവുമാണ് എന്നാണ് വിജയ് പറയുന്നത്. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ചു. മൂന്ന് മണി വരെയുള്ള കണക്കുകള് പ്രകാരം 70% വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് തിരുപ്പൂർ ജില്ലയിലാണ്, 62.97%.
എ.ഐ.എ.ഡി.എം.കെ സഖ്യത്തില് ബി.ജെ.പി, പി.എം.കെ, എ.എം.എം.കെ, പുതിയ നീതി പാർട്ടി, ഐ.ജെ.കെ, തമിഴ് മാനില കോണ്ഗ്രസ്, പുരട്ചി ഭാരതം തുടങ്ങിയ പാർട്ടികളാണ് മത്സരിക്കുന്നത്. ഡി.എം.കെ സഖ്യത്തില് കോണ്ഗ്രസ്, വി.സി.കെ, ഡി.എം.ഡി.കെ, എം.ഡി.എം.കെ, സി.പി.ഐ, സി.പി.എം, മക്കള് നീതി മയ്യം, മുസ്ലിം ലീഗ്, എസ്ഡിപിഐ എന്നിവ ഉള്പ്പെടുന്നു.
ഇത്തവണ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും മികച്ച പോളിങ് ആണ്. എല്ലാ മണ്ഡലങ്ങളിലും നീണ്ട നിര രാവിലെ മുതല് പ്രകടമായിരുന്നു. വിജയ് ഇഫക്ടാണ് എന്ന് ടിവികെ പറയുന്നു. എസ്ഐആര് ആണ് കാരണം എന്നും വിലയിരുത്തലുണ്ട്. പശ്ചിമ ബംഗാളില് രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം 29നാണ്. കേരളം ഉള്പ്പെടെ എല്ലായിടത്തും ഫലം മെയ് നാലിന് അറിയാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR