നിരോധിത വലകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി
Kochi 24 ഏപ്രില്‍ (H.S.) നിരോധിത വലകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. 17 സെന്റീമീറ്ററിൽ താഴെയുള്ള 4,2O0 കിലോ ഉലുവാച്ചി ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. എറണാകു
Fish


Kochi 24 ഏപ്രില്‍ (H.S.)

നിരോധിത വലകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി.

17 സെന്റീമീറ്ററിൽ താഴെയുള്ള 4,2O0 കിലോ ഉലുവാച്ചി ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. എറണാകുളത്തെ ആമ്പല്ലൂർ കാഞ്ഞിരമറ്റം ദേശത്ത് കാത്തുള്ളിപ്പറമ്പിൽ രാകേഷിന്റെ ഐ.ആർ.ആർ-3 ബോട്ടാണ് പിടിച്ചെടുത്തത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.

ബോട്ടിന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഉപയോഗ യോഗ്യമായ മത്സ്യം അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 2,74,950 രൂപ ട്രഷറിയിൽ അടക്കുകയും ചെയ്തു. മിനിമം ലീഗൽ സൈസ് ഇല്ലാത്ത ഉലുവാച്ചി മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ പുറംകടലിൽ ഒഴുക്കി. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി മോൾ, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, മെക്കാനിക്കുമാരായ കെ.കെ കൃഷണകുമാർ, മനോജ്, സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ്, നിഷാദ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News