Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഏപ്രില് (H.S.)
ജനന-മരണ സർട്ടിഫിക്കറ്റുകളിലെ അക്ഷരത്തെറ്റുകളും മറ്റ് പിശകുകളും തിരുത്തുന്നത് സംബന്ധിച്ച് ജനങ്ങള് നേരിട്ടിരുന്ന വലിയ ബുദ്ധിമുട്ടുകള്ക്ക് പരിഹാരമാകുന്നു.
സർട്ടിഫിക്കറ്റുകളില് തിരുത്തല് വരുത്തുന്നതിനുള്ള നടപടിക്രമങ്ങള് ലളിതമാക്കി സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങള് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർക്ക് കൂടുതല് അധികാരം നല്കിക്കൊണ്ടും അനാവശ്യമായ കാലതാമസം ഒഴിവാക്കിക്കൊണ്ടുമാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
എന്തൊക്കെയാണ് പ്രധാന മാറ്റങ്ങള്?
മുമ്പ് ചെറിയ അക്ഷരത്തെറ്റുകള് തിരുത്താൻ പോലും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അക്ഷര തെറ്റുകള് എന്നിവ പരിഹരിക്കാൻ നോട്ടറി, 2 ഗസറ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില് അന്വേഷണം നടത്തിയും ബന്ധപ്പെട്ട രേഖകള് പരിശോധിച്ചും മാത്രമേ തിരുത്തല് വരുത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാല് പുതിയ ഉത്തരവ് പ്രകാരം താഴെ പറയുന്ന തിരുത്തലുകള് വേഗത്തില് പൂർത്തിയാക്കാൻ സാധിക്കും.
ക്ലറിക്കല് പിശകുകള്: സർട്ടിഫിക്കറ്റ് തയ്യാറാക്കുമ്പോള് സംഭവിക്കുന്ന ചെറിയ അക്ഷരത്തെറ്റുകള്, വീട്ടുപേരിലെ തെറ്റുകള് എന്നിവ രേഖകള് പരിശോധിച്ച് രജിസ്ട്രാർക്ക് നേരിട്ട് തിരുത്താം.
രജിസ്റ്ററിലെ തിരുത്തല്: പ്രധാന രജിസ്റ്ററില് രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളില് മാറ്റം വരുത്താതെ തന്നെ അനുബന്ധ രേഖകള് ഹാജരാക്കിയാല് സർട്ടിഫിക്കറ്റില് മാറ്റം വരുത്താൻ അനുമതിയുണ്ട്.
പേര് ചേർക്കല്: കുട്ടി ജനിച്ച ശേഷം നിശ്ചിത സമയപരിധിക്കുള്ളില് പേര് ചേർക്കാൻ സാധിക്കാത്തവർക്ക്, നിശ്ചിത ഫീസ് ഒടുക്കി ലളിതമായ സത്യവാങ്മൂലം നല്കി പേര് ചേർക്കാവുന്നതാണ്.
രേഖകളുടെ പരിശോധന: സ്കൂള് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില് മറ്റ് വിവരങ്ങള് തിരുത്തുന്നത് എളുപ്പമാക്കി.
ജനങ്ങള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
തിരുത്തലുകള്ക്കായി അപേക്ഷിക്കുമ്പോള് മതിയായ തെളിവുകള് സഹിതം വേണം സമീപിക്കാൻ. ആശുപത്രി രേഖകള്, തിരിച്ചറിയല് രേഖകള് എന്നിവയിലെ വിവരങ്ങള് ഒത്തുനോക്കിയായിരിക്കും നടപടികള് സ്വീകരിക്കുക. ഓണ്ലൈൻ സംവിധാനം വഴിയും തിരുത്തലുകള്ക്കായി അപേക്ഷിക്കാനുള്ള സൗകര്യം ഇപ്പോള് ലഭ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇൻഫർമേഷൻ കേരള മിഷൻ (IKM) സോഫ്റ്റ്വെയറിലും ഇതിനായി ആവശ്യമായ മാറ്റങ്ങള് വരുത്തിയിട്ടുണ്ട്.
വയനാട് ഉള്പ്പെടെയുള്ള മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അക്ഷയ കേന്ദ്രങ്ങള് വഴി അപേക്ഷ നല്കി ഓഫീസുകളില് നേരിട്ട് എത്തുന്ന സാഹചര്യം ഒഴിവാക്കാം. സർട്ടിഫിക്കറ്റുകളിലെ വിവരങ്ങള് ഭാവിയില് പാസ്പോർട്ട്, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി ഉപയോഗിക്കേണ്ടതിനാല് തെറ്റുകള് എത്രയും വേഗം തിരുത്തുന്നത് ഉചിതമായിരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR