Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഏപ്രില് (H.S.)
തനിക്കെതിരെ സോഷ്യല് മീഡിയയില് നടക്കുന്ന വ്യാജ പ്രചാരണങ്ങള്ക്ക് എതിരെ തുറന്നടിച്ച് എം സ്വരാജ്. തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥനുമായി സ്വരാജിന് സൗഹൃദമുണ്ടെന്ന തരത്തിലുളള കാർഡ് ആണ് ദേശാഭിമാനിയുടെ പേരില് പ്രചരിക്കുന്നത്.
പ്രതീഷ് വിശ്വനാഥ് തന്നെ കാണാൻ വന്നത് സൗഹൃദത്തിന്റെ പേരിലാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞതായാണ് കാർഡില് പറയുന്നത്. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആയുധമെന്ന് സ്വരാജ് കുറ്റപ്പെടുത്തി. വ്യാജ പ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കുന്നു.
സ്വരാജിന്റെ പ്രതികരണം: ''വർഗീയതക്ക് ഒരേ മനസ്, പല വേഷം. വർഗ്ഗീയത പല വേഷങ്ങളില് പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികള് അവലംബിക്കുന്നത് പുതിയ കാര്യമല്ല. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം
വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്. കുറച്ചു നാളായി എന്നെ ഹിന്ദുവർഗ്ഗീയ വാദിയായി ചിത്രീകരിക്കാൻ ജമായത്ത് കേന്ദ്രങ്ങളും ലീഗിലെ ജമായത്ത് വിഭാഗവും ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിന് മുമ്പ് എന്നെ മുസ്ലിം വർഗ്ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതില് സന്തോഷമേയുള്ളു. ഒരു വർഗ്ഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാൻ പറഞ്ഞതായി എൻ്റെ ചിത്രം വെച്ച് 'ദേശാഭിമാനി'യുടെ പേരില് വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആയുധം.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള് വഴി മാത്രമല്ല ലീഗിലെ ജമായത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തില് പഞ്ചായത്ത് മെമ്പറും മീഡിയാവണ് അക്കാദമിയില് നിന്നുള്ള ആളെന്ന് പ്രൊഫൈലില് വെളിപ്പെടുത്തിയ ആളും വെല്ഫെയർ പാർട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളില് ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോണ്ഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തില് മുന്നിലുണ്ട്.
ചുരുക്കിപ്പറഞ്ഞാല് സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. 'ദേശാഭിമാനി'യുടെ പേരില് നിരവധി വ്യാജ കാർഡുകള് നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങള്ക്കെതിരെ നിയമ നടപടികള് സ്വീകരിക്കും'' .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR