Enter your Email Address to subscribe to our newsletters

Newdelhi , 24 ഏപ്രില് (H.S.)
മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേരുന്നു. എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനും നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനും പിന്നാലെയാണ് ഛദ്ദയുടെ ഈ നിർണായക രാഷ്ട്രീയ നീക്കം. രാഘവ് ഛദ്ദയെ കൂടാതെ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നീ എംപിമാരും ബിജെപിയില് ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, രാജ്യസഭയിലെ ആംആദ്മി പാര്ട്ടി എംപിമാരില് മൂന്നില് രണ്ടു പേരും ബിജെപിയില് ചേരുമെന്നും ഛദ്ദ വ്യക്തമാക്കി. ബിജെപിയിൽ ചേരുന്നവരില് എംപിമാരായ മുന് ക്രിക്കറ്റര് ഹർഭജൻ സിങ്ങും സ്വാതി മാലിവാളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുമാണ് ഛദ്ദയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബിജെപി നേതാക്കളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകീര്ത്തിച്ച ഛദ്ദ അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനങ്ങൾ നൽകി ഡൽഹിയിൽ അധികാരത്തിൽ വന്ന പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു.
രാഘവ് ഛദ്ദയെ പാർലമെന്ററി പാർട്ടിയിലെ സുപ്രധാന സ്ഥാനത്തുനിന്ന് നീക്കി പഞ്ചാബിൽ നിന്നുള്ള എംപി അശോക് കുമാർ മിത്തലിനെ നിയമിച്ചിരുന്നു. സഭയിൽ എഎപിയുടെ ക്വാട്ടയിൽ സംസാരിക്കാൻ ഛദ്ദയ്ക്ക് ഇനി സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയതും വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ, നിശബ്ദനാക്കാം പക്ഷേ, തോൽപ്പിക്കാനാകില്ല എന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത് പാർട്ടി നേതൃത്വത്തിന് നേരിട്ടുള്ള മുന്നറിയിപ്പായി കണക്കാക്കപ്പെട്ടിരുന്നു. ഛദ്ദയുടെ തീരുമാനത്തെ ബിജെപി നേതൃത്വം സ്വാഗതം ചെയ്തു. അരവിന്ദ് കെജ്രിവാൾ കഴിവുള്ള നേതാക്കളെ ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു. രാഘവ് ഛദ്ദയുടെ കഴിവിനെ കെജ്രിവാൾ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി രൂപീകരണം മുതൽ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന ഛദ്ദയുടെ പടിയിറക്കം എഎപിക്ക് വലിയ ആഘാതമാണ്. 2012 മുതൽ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിലും പാർട്ടിയുടെ ദേശീയ വക്താവെന്ന നിലയിലും ഛദ്ദ നേടിയ ജനപ്രീതി ബിജെപിക്ക് വരും തെരഞ്ഞെടുപ്പുകളിൽ കരുത്താകുമെന്നാണ് വിലയിരുത്തൽ. നിലവിൽ പഞ്ചാബിൽ നിന്നുള്ള ഏഴ് പേരും ഡൽഹിയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടെ പത്ത് അംഗങ്ങളാണ് എഎപിക്ക് രാജ്യസഭയിലുള്ളത്. ഛദ്ദയുടെ മാറ്റം പാർലമെന്റിലെ പാർട്ടിയുടെ കരുത്തിനെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR