ആം ആദ്മി പാര്ട്ടി അഴിമതിയില് മുങ്ങി; രാഘവ് ഛദ്ദ ബിജെപിയില്; മോദിക്ക് പ്രശംസ,
New delhi, 24 ഏപ്രില്‍ (H.S.) ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ ബിജെപിയിലേക്ക്. എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനും നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനും പിന്നാലെ
raghav


New delhi, 24 ഏപ്രില്‍ (H.S.)

ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ ബിജെപിയിലേക്ക്. എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനും നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനും പിന്നാലെയാണ് ഛദ്ദയുടെ ഈ നിര്‍ണ്ണായക രാഷ്ട്രീയ നീക്കം.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുമാണ് ഛദ്ദയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബിജെപി നേതാക്കളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകീര്‍ത്തിച്ച ഛദ്ദ ആം ആദ്മി പാര്‍ട്ടി തന്നെ നിശബ്ദനാക്കിയെന്നും പാര്‍ട്ടിയില്‍ അഴിമിതിയില്‍ മുങ്ങിയെന്നും ആരോപിച്ചു. കൂടാതെ, രാജ്യസഭയിലെ ആംആദ്മി പാര്‍ട്ടി എംപിമാരില്‍ മൂന്നില്‍ രണ്ടു പേരും ബിജെപിയില്‍ ചേരുമെന്നും ഛദ്ദ വ്യക്തമാക്കി.

രാഘവ് ഛദ്ദയെ പാര്‍ലമെന്ററി പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനത്തുനിന്ന് നീക്കി പഞ്ചാബില്‍ നിന്നുള്ള എംപി അശോക് കുമാര്‍ മിത്തലിനെ നിയമിച്ചിരുന്നു. സഭയില്‍ എഎപിയുടെ ക്വാട്ടയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് ഇനി സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കിയതും വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെ, 'നിശബ്ദനാക്കാം പക്ഷേ, തോല്‍പ്പിക്കാനാകില്ല' എന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത് പാര്‍ട്ടി നേതൃത്വത്തിന് നേരിട്ടുള്ള മുന്നറിയിപ്പായി കണക്കാക്കപ്പെട്ടിരുന്നു. ഛദ്ദയുടെ തീരുമാനത്തെ ബിജെപി നേതൃത്വം സ്വാഗതം ചെയ്തു. അരവിന്ദ് കെജ്രിവാള്‍ കഴിവുള്ള നേതാക്കളെ ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു. രാഘവ് ഛദ്ദയുടെ കഴിവിനെ കെജ്രിവാള്‍ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

?പാര്‍ട്ടി രൂപീകരണം മുതല്‍ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന ഛദ്ദയുടെ പടിയിറക്കം എഎപിക്ക് വലിയ ആഘാതമാണ്. 2012 മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിലും പാര്‍ട്ടിയുടെ ദേശീയ വക്താവെന്ന നിലയിലും ഛദ്ദ നേടിയ ജനപ്രീതി ബിജെപിക്ക് വരും തെരഞ്ഞെടുപ്പുകളില്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പഞ്ചാബില്‍ നിന്നുള്ള ഏഴ് പേരും ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് പേരും ഉള്‍പ്പെടെ പത്ത് അംഗങ്ങളാണ് എഎപിക്ക് രാജ്യസഭയിലുള്ളത്. ഛദ്ദയുടെ മാറ്റം പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ കരുത്തിനെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്

---------------

Hindusthan Samachar / Sreejith S


Latest News