Enter your Email Address to subscribe to our newsletters

New delhi, 24 ഏപ്രില്‍ (H.S.)
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 92% പോളിങ് രേഖപ്പെടുത്തിയത് തൃപ്തികരമെന്ന് സുപ്രീം കോടതി. പൗരന്മാര് വോട്ടവകാശം സജീവമായി വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുകയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗാള്‍ 152 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ടത്തില്‍ 92.72 ശതമാനം എന്ന റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരിഗണിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിമുറിയില്‍ ഉണ്ടായിരുന്നു. വോട്ടര്‍ പട്ടിക തീവ്രമായ പരിഷ്‌കരണം (എസ് ഐ ആര്‍) ചോദ്യം ചെയ്ത കേസില്‍ ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ കല്യാണ്‍ ബന്ദോപാധ്യായയും മേനക ഗുരുസ്വാമിയും സുപ്രീം കോടതിയില്‍ ഹാജരായി.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണം (എസ് ഐ ആര്‍) ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. വാദം കേള്‍ക്കുന്നതിനിടെയാണ് 92.25% പോളിങ് രേഖപ്പെടുത്തിയതിനെ ബെഞ്ച് അഭിനന്ദിച്ചത്.
'ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍, വോട്ടുചെയ്യാനുള്ള അധികാരത്തിലൂടെ ജനാധിപത്യത്തിലെ തങ്ങളുടെ ശക്തി ആളുകള്‍ തിരിച്ചറിയുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനാല്‍, ആളുകള്‍ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍, ഇത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു,' ചീഫ് ജസ്റ്റിസ് പറഞ്ഞു. പോളിങ് സമയത്ത് അക്രമങ്ങള്‍ ഇല്ലാത്തതിനെയും ബെഞ്ച് അഭിനന്ദിച്ചു. അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടു. ബാലറ്റില്‍ തങ്ങളുടെ ശക്തി ആളുകള്‍ അംഗീകരിക്കുമ്പോള്‍, അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നില്ല എന്ന് ബെഞ്ച് നിരീക്ഷിച്ചു.
---------------
Hindusthan Samachar / Sreejith S