Enter your Email Address to subscribe to our newsletters

New delhi, 24 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനം കടുപ്പിച്ച് ബിജെപി. രാഷ്ട്രീയവിവാദത്തിന് വഴിവെച്ച തന്റെ ആത്മകഥയിലെ പരാമര്‍ശത്തില്‍ കരസേനാ മുന്‍മേധാവി എം.എം. നരവനെ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ബിജെപി വിമര്‍ശനം കടുപ്പിച്ചത്.
'ഒരിഞ്ചു ഭൂമിപോലും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് നരവനെ പറഞ്ഞുകഴിഞ്ഞു. രാഹുല്‍ ഗാന്ധി ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍, ഇപ്പോള്‍ നരവനെ നിശ്ശബ്ദത അവസാനിപ്പിക്കുകയും രാഹുലിന്റെ കള്ളങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു, ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. 2020-ലെ ചൈനയുമായുണ്ടായ സംഘര്‍ഷവേളയില്‍ സൈന്യത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെന്നും നരവനെയുടെ പരാമര്‍ശത്തെ ചൂണ്ടി പൂനാവാല അവകാശപ്പെട്ടു.
എല്‍എസിയിലെ യഥാര്‍ഥ വസ്തുതകളെക്കുറിച്ചും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുമുള്ള ചോദ്യത്തിന്- എല്ലാ സംശയങ്ങളും ഒറ്റയടിക്ക് ദൂരീകരിക്കാന്‍ ചൈനയോട് ഒന്ന് ചോദിച്ചുനോക്കൂ ഈയടുത്ത് അവര്‍ക്ക് ഇന്ത്യന്‍ ഭൂപ്രദേശം എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന്, എന്നായിരുന്നു നരവനെയുടെ മറുപടി. ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തന്നെയും സായുധസേനയേയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തീര്‍ത്തും അന്യായമാണെന്നും നരവനെ പറഞ്ഞിരുന്നു. പിന്നാലെയാണ് രാഹുലിനെതിരേ കടുത്തവിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്.
ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് നരവനെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി'യിലേത് എന്ന് അവകാശപ്പെട്ടുള്ള ചില ഭാഗങ്ങള്‍ പരാമര്‍ശിക്കാന്‍ രാഹുല്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ രാഹുലിനെ തടയുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം അദ്ദേഹം പുസ്തകത്തിന്റെ ഒരു പതിപ്പുമായാണ് പാര്‍ലമെന്റിലെത്തിയത്.
---------------
Hindusthan Samachar / Sreejith S