Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഏപ്രില്‍ (H.S.)
കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദനെ ഒപ്പം നിര്ത്താന് കോണ്‍ഗ്രസ്. സച്ചിദാനന്ദന്റെ പുസ്തകം കോണ്‍ഗ്രസ് പുറത്തിറക്കും. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് ഇടതുസഹയാത്രികന്‍ കൂടിയായ സച്ചിദാനന്ദന്റെ ലേഖന പരമ്പര പുറത്തിറക്കുന്നത്. 29 ന് തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്ന സച്ചിദാനന്ദന്‍, സംഘടനയുടെ ആദരവും ഏറ്റുവാങ്ങും. സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ പിണറായി സര്‍ക്കാരിന്റെ നയ വ്യതിയാനങ്ങളെ അദ്ദേഹം പലപ്പോഴും വിമര്‍ശിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രസിദ്ധീകരണ വിഭാഗം സര്‍ക്കാര്‍ നിയമിച്ച അക്കാദമി അധ്യക്ഷന്റെ പുസ്തകം പുറത്തിറക്കുന്നുവെന്നതാണു ശ്രദ്ധേയം. സിപിഎം വിടും മുന്‍പ് പ്രിയദര്‍ശനി പബ്ലിക്കേഷന്‍സിന്റെ രണ്ട് പരിപാടികളില്‍ ജി.സുധാകരന്‍ പങ്കെടുത്തിരുന്നു.
'ഇന്ത്യയെ വിവര്‍ത്തനം ചെയ്യുമ്പോള്‍' എന്നു പേരിട്ടിരിക്കുന്ന ലേഖന സമാഹാരം സച്ചിദാനന്ദന്റെ ഇംഗ്ലിഷ് ലേഖനസമാഹാരങ്ങളിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ മലയാളം പരിഭാഷയാണ്. കെ.എം. അജീര്‍കുട്ടിയാണ് പരിഭാഷ നിര്‍വഹിച്ചത്. ഇന്ത്യന്‍ സാഹിത്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ പോസ്റ്റ്-ഡോക്ടറല്‍ പ്രബന്ധം ഉള്‍പ്പെടെയുള്ളവയാണു പുസ്തകത്തിലുള്ളത്. സമൂഹമാധ്യമങ്ങളില്‍ പുസ്തകത്തിന്റെ കവര്‍ സച്ചിദാനന്ദന്‍ പങ്കുവച്ചിട്ടുണ്ട്. സിപിഎം - ബിജെപി ലൈനുകള്‍ക്ക് എതിരഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്ന സച്ചിദാനന്ദന്റെ സ്വതന്ത്ര നിലപാടാണ് പുസ്തകത്തിലുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സ്വതന്ത്ര രചനകള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന പൊതു സമീപനം മാത്രമാണെന്നും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പഴകുളം മധു പറഞ്ഞു.
എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എസ്.കെ. വസന്തനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുന്നത്. ടി.എന്‍. പ്രതാപന്‍, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മേയര്‍ നിജി ജസ്റ്റിന്‍, എഴുത്തുകാരന്‍ എം.പി. സുരേന്ദ്രന്‍, ബിന്നി സാഹിതി, ചന്ദ്രാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
---------------
Hindusthan Samachar / Sreejith S