Enter your Email Address to subscribe to our newsletters

Chennai, 24 ഏപ്രില്‍ (H.S.)
തിരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന പരിശോധനകള്‍ക്കിടയിലും തമിഴ്നാട്ടില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പുവേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കി. വിവിധമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തകരും അഴിമതിവിരുദ്ധ സംഘടനകളും വോട്ടിന് പണംനല്‍കിയതിന്റെ ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പലയിടത്തുനിന്നും പണവും മദ്യവും പിടിക്കുകയും ചെയ്തു.
പണമോ സമ്മാനമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെങ്കിലും സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രമുഖകക്ഷികള്‍ വോട്ടര്‍മാര്‍ക്ക് ആയിരമോ രണ്ടായിരമോ രൂപവീതം നല്‍കിയെന്നാണ് പറയുന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനുള്ള തന്ത്രങ്ങളെപ്പറ്റി ആലങ്കുളത്തെ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി കെ.ആര്‍.പി. പ്രഭാകരന്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മയിലാപ്പുരിലെ ഡി.എം.കെ. സ്ഥാനാര്‍ഥി ഡി. വേലുവിന്റെ സഹായി സത്യമൂര്‍ത്തിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുമംഗലം മണ്ഡലത്തില്‍ പണം വിതരണംചെയ്യുന്നതിനെക്കുറിച്ച് ദ്രാവിഡ കഴകം ബ്രാഞ്ച് സെക്രട്ടറി സെല്ലപാണ്ഡ്യന്റെ മകള്‍ പറയുന്നതിന്റെ ശബ്ദരേഖ പ്രചരിച്ചു. ശ്രീവൈകുണ്ഠത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉര്‍വശി എസ്. അമൃത രാജില്‍നിന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് 65 ലക്ഷം രൂപ പിടിച്ചു. പലയിടത്തും സമ്മാനവിതരണത്തെച്ചൊല്ലി സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
തമിഴ്നാട്ടില്‍ മൊത്തം 599.24 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. ഇതില്‍ 100.19 കോടി രൂപയുടെ പണവും 1,17,713 ലിറ്റര്‍ മദ്യവും 76.72 കോടി രൂപയുടെ മയക്കുമരുന്നും ഉള്‍പ്പെടുന്നു. 259.31 കോടി രൂപയുടെ സമ്മാനങ്ങളും 159.14 കോടി രൂപയുടെ ആഭരണങ്ങളും പിടികൂടി. വോട്ടര്‍മാര്‍ക്ക് പണംനല്‍കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആലങ്കുളം, മയിലാപ്പുര്‍, തിരുമംഗലം നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അഴിമതിവിരുദ്ധ സംഘടനയായ അറപ്പോര്‍ ഇയക്കം ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S