Enter your Email Address to subscribe to our newsletters

Hydrabad, 24 ഏപ്രില്‍ (H.S.)
ഹൈദരാബാദ്: കടുത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തെലങ്കാന സര്‍ക്കാര്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാലമായി ബാക്കിനില്‍ക്കുന്ന ആനുകൂല്യങ്ങള്‍ വിതരണംചെയ്യാന്‍ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്.
ആവശ്യമായിവന്നാല്‍ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനല്‍കാന്‍ സന്നദ്ധരാണെന്ന് വാര്‍ത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി.
നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവര്‍ക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി സര്‍ക്കാര്‍ നല്‍കാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അര്‍ഹമായ തുകയ്ക്കായി ഓഫീസുകള്‍തോറും കയറിയിറങ്ങേണ്ട അവസ്ഥ വിരമിച്ച ജീവനക്കാര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലാണ് ഇത്രയധികം കുടിശ്ശിക കുന്നുകൂടിയതെന്ന കാര്യത്തില്‍ മന്ത്രിസഭ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പുറമെ, കുടിശ്ശികകള്‍ കൃത്യസമയത്ത് നല്‍കുന്നതിനായി മറ്റ് വിഭവസമാഹരണ മാര്‍ഗങ്ങളും സര്‍ക്കാര്‍ തേടും.
---------------
Hindusthan Samachar / Sreejith S