ഗര്ഭിണിയാകുക എന്നത് സ്ത്രീയുടെ തീരുമാനം; ആര്ക്കും നിര്ബന്ധിക്കാന് കഴിയില്ലെന്ന് സുപ്രീം കോടതി.
New delhi , 24 ഏപ്രില്‍ (H.S.) സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഒരു കോടതിയ്ക്കും നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. 15 വയസുള്ള പെണ്‍കുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സ
Supreme Court


New delhi , 24 ഏപ്രില്‍ (H.S.)

സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഒരു കോടതിയ്ക്കും നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. 15 വയസുള്ള പെണ്‍കുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി വെള്ളിയാഴ്ചയാണ് കാര്യം വ്യക്തമാക്കിയത്.

ഗര്‍ഭിണിയായ സ്ത്രീയുടെ താത്പര്യം പ്രസക്തമാണ്. ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ കേസില്‍ ഗര്‍ഭിണിയ്ക്ക് 15 വയസ് പ്രായമാണ് ഉള്ളതെന്നും ഗര്‍ഭം ആവശ്യമില്ലാത്തതാണെന്നും ബെഞ്ച് പറഞ്ഞു. രണ്ട് തവണ അവളുടെ ജീവന്‍ കളയാന്‍ ശ്രമിച്ചതിനാല്‍ തന്നെ ഗര്‍ഭം തുടരുന്നത് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ക്ഷേമത്തേക്കാള്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ക്ഷേമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കേസില്‍ പരിഗണിക്കണമെന്ന് ബെഞ്ച് പറഞ്ഞു. സംഭവത്തില്‍ നിന്നും ഒരു മോചനം നിഷേധിക്കുന്നത് പെണ്‍കുട്ടിയെ വലിയ പ്രത്യാഘാതങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതയാക്കുമെന്നും ബെഞ്ച് പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ പ്രത്യുല്‍പാദന താത്പര്യം ഒരു മൗലികാവകാശമായി അംഗീകരിക്കുന്ന ഭരണഘടനാപരമായ തത്വങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.

ഇത്തരമൊരു ഗര്‍ഭധാരണം തുടരുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുട്ടിയുടെ മാനസികാരോഗ്യം, വിദ്യാഭ്യാസ സാധ്യതകള്‍, സാമൂഹിക നില, മൊത്തത്തിലുള്ള വികസനം എന്നിവയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ ശരീരവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് പ്രത്യുല്‍പാദന കാര്യങ്ങളില്‍, തീരുമാനമെടുക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും അവിഭാജ്യ ഭാഗമാണെന്ന് ബെഞ്ച് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ അവകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. തനിക്ക് താത്പര്യം ഇല്ലൊത്തൊരു ഗര്‍ഭം തുടരാന്‍ സ്ത്രീ നിര്‍ബന്ധിക്കപ്പെട്ടാല്‍ അവളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നും ബെഞ്ച് പറഞ്ഞു.

'ഒരു സ്ത്രീയേയും, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഒരു കോടതിയും നിര്‍ബന്ധിക്കരുത്. അത്തരം നിര്‍ബന്ധം അവളുടെ തീരുമാന സ്വാതന്ത്ര്യത്തെ അവഗണിക്കുക മാത്രമല്ല, പ്രസവിക്കാന്‍ നിര്‍ബന്ധിതയായാല്‍ ഗുരുതരമായ മാനസിക, വൈകാരിക, ശാരീരിക ആഘാതത്തിന് കാരണമാവുകയും ചെയ്യും,' ബെഞ്ച് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News