Enter your Email Address to subscribe to our newsletters

Ernakulam, 25 ഏപ്രില് (H.S.)
ആലുവയിൽ രാജസ്ഥാൻ സ്വദേശികളായ ട്രക്ക് ഡ്രൈവർമാർക്ക് മർദനം. സംഭവത്തില് ടൂറിസ്റ്റ് ബസ് യാത്രക്കാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിൽ ആലുവ മുട്ടം ഭാഗത്ത് വച്ചാണ് ടൂറിസ്റ്റ് ബസ് യാത്രക്കാർ ട്രക്ക് ഡ്രൈവർമാരെ പിന്തുടർന്ന് മർദിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സിനിമ സ്റ്റൈലിലുള്ള ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്.
രാജസ്ഥാൻ സ്വദേശികളായ മാവിർ, സർവൺ എന്നിവർക്കാണ് ബസ് യാത്രക്കാരുടെ ക്രൂരമായ മർദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴനിയിൽ നിന്ന് ദർശനം കഴിഞ്ഞ് തിരുവല്ലയിലേക്ക് തീർഥാടകരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസും അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ട്രക്കും തമ്മിൽ മുട്ടം ഭാഗത്ത് വച്ച് ഉരസുകയായിരുന്നു.
അപകടത്തിന് പിന്നാലെ ട്രക്ക് നിർത്താതെ പോയതാണ് ബസ് യാത്രക്കാരെ വല്ലാതെ പ്രകോപിപ്പിച്ചത്. നിർത്താതെ പോയ ട്രക്കിനെ ബസില് കിലോമീറ്ററുകളോളം അതിവേഗത്തിൽ പിന്തുടർന്ന യാത്രക്കാർ ഒടുവിൽ മുട്ടത്തിന് സമീപം വച്ച് ട്രക്കിനെ മറികടന്ന് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ബസിൽ നിന്നിറങ്ങിയ വലിയൊരു സംഘം ആളുകൾ ട്രക്കിന് ചുറ്റും കൂടുകയും ഡ്രൈവർമാരെ വാഹനത്തിൽ നിന്നും ബലമായി വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘം തങ്ങളെ ആക്രമിച്ചതെന്നും ട്രക്കിൻ്റെ മുൻവശത്തെ ചില്ലുകൾ കല്ലും മറ്റും ഉപയോഗിച്ച് തകർത്തെന്ന് ഡ്രൈവർമാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
വാഹനത്തിൻ്റെ ക്യാബിനുള്ളിൽ അക്രമികൾ അതിക്രമിച്ചു കയറി വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവർമാരെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തതായാണ് പരാതി. പൊതുനിരത്തിൽ നിയമം കൈയ്യിലെടുത്ത് യാത്രക്കാർ അക്രമം അഴിച്ചുവിട്ടത് ഈ ഭാഗത്ത് വലിയ രീതിയിലുള്ള ഗതാഗത തടസത്തിനും ഇടയാക്കി. കൺട്രോൾ റൂമിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് ആലുവ പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു
മർദനമേറ്റ രാജസ്ഥാൻ സ്വദേശികൾക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തി. സംഘർഷത്തിന് കാരണമായ ടൂറിസ്റ്റ് ബസും ട്രക്കും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ബസ് യാത്രക്കാർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും ആക്രമണത്തിന് പിന്നിൽ മറ്റ് തർക്കങ്ങളുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. റോഡിലെ ചെറിയ അപകടങ്ങളെ തുടർന്നുണ്ടാകുന്ന തർക്കങ്ങൾ ഇത്തരത്തിൽ അക്രമാസക്തമാകുന്നതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആലുവ പൊലീസ് അറിയിച്ചു. വാഹനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു തുടർ നടപടികൾ സ്വീകരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR