Enter your Email Address to subscribe to our newsletters

Wayanad , 25 ഏപ്രില് (H.S.)
ബ്രഹ്മഗിരിക്കെതിരെ വീണ്ടും തട്ടിപ്പിന് ഇരയായ സ്ത്രീ രംഗത്ത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച 41 ലക്ഷം രൂപ നഷ്ടമായതോടെ ഭർത്താവിനെ ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിൽ ആണ് ഇവർ. പുൽപ്പള്ളി പാടിക്കൊല്ലി കാട്ടറുകൊല്ലി ആൻസിയാണ് ഭർത്താവ് ജോർജിനെ ചികിത്സിക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നത്. നേരത്തെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന ജോർജിന് ഹൃദയാഘാതവും സംഭവിച്ചു. ഇതേതുടർന്ന് ജോർജ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നഷ്ടപ്പെട്ട പണം ലഭ്യമാക്കാൻ നടപടി വേണമെന്ന് പലതവണ ബ്രഹ്മഗിരി അധികൃതരോടും സിപിഎം നേതൃത്വത്തോടും ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വരെ നേതാക്കളെ വിളിച്ചാൽ ഫോൺ എടുക്കും. പണം ലഭ്യമാക്കാം എന്ന് ആശ്വസിപ്പിക്കും. എന്നാൽ ഇപ്പോൾ ഒരു നേതാവും ഫോൺ എടുക്കുന്നില്ല. എന്തു ചെയ്യും എന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ആൻസി പറയുന്നു.
പുൽപ്പള്ളിയിൽ നിന്നും കൽപ്പറ്റയിലേക്ക് വണ്ടി വിളിക്കാൻ പണം കടം വാങ്ങേണ്ടി വന്നു. ആശുപത്രിയിൽ എങ്ങനെ ചികിത്സ നടത്തുമെന്ന് അറിയില്ല. ഡിസ്ചാർജ് ചെയ്യണമെങ്കിൽ ചികിത്സിച്ച പണം നൽകേണ്ടിവരും. നേതാക്കൾ ഫോൺ എടുക്കാതെ ആയാൽ എന്തു ചെയ്യും എന്ന് ആൻസി ചോദിക്കുന്നു.
സൗദിയിൽ നേഴ്സ് ആയിരുന്ന ആൻസി സമ്പാദിച്ചുണ്ടാക്കിയ പണവും സ്ഥലം വിറ്റ പണവും ചേർത്താണ് ബ്രഹ്മഗിരിയിൽ നിക്ഷേപിച്ചത്. ഒരു രൂപ പോലും തിരിച്ചു കിട്ടാതെ ആയതോടെ വലിയ കടക്കണിയിൽ ആയി. ആൻസിക്കും ശാരീരിക അവശതകൾ ഉണ്ട്.
ലാഭകരമായ നിക്ഷേപം എന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചത്. ഇപ്പോൾ എല്ലാവരും കൈമലർത്തുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഓഫിസിന് മുൻപിൽ പലതവണ സമരം നടത്തി, നോക്കി ഒരു നടപടിയും ഉണ്ടാകുന്നില്ല.
തെരഞ്ഞെടുപ്പിന് മുൻപ് പല വീടുകളിലും പണം ലഭിക്കാനുള്ളവർ പോസ്റ്റർ പതിച്ചിരുന്നു. താൻ അതും ചെയ്തില്ല. കാരണം നേതാക്കൾ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഫോൺ എടുത്തിരുന്നു. ഇപ്പോൾ നമ്പർ മാറ്റി വിളിച്ചാൽ പോലും സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും ആൻസി പറയുന്നു. നിക്ഷേപിച്ച ജീവിത സമ്പാദ്യം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആൻസി ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഓഫിസിന് മുന്നില് നടത്തിയ ഒറ്റയാള് പ്രതിഷേധം വാർത്തയായിരുന്നു. സൊസൈറ്റിയില് പണം നിക്ഷേപിച്ച പലരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR