Enter your Email Address to subscribe to our newsletters

Kannur , 25 ഏപ്രില് (H.S.)
ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ വധശ്രമം ഉണ്ടായെന്ന ഗണ്മാന്റെ ആരോപണം പൊളിഞ്ഞു. കണ്ണൂര് റെയില്വേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മൊഴി നൽകിയത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്പ്പിച്ചെന്ന ഗണ്മാന്റെ പരാതിയാണ് ഇതോടെ പൊളിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 25 നായിരുന്നു രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.
അന്ന് കണ്ണൂരിലെത്തിയ ആരോഗ്യ മന്ത്രിക്ക് നേരെ അഞ്ചിടത്താണ് പ്രതിപക്ഷ യുവജന സംഘടനളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര് ഇക്ബാലിനെ സിപിഎമ്മുകാര് ക്രൂരമായി മര്ദിച്ചതോടെ പ്രതിഷേധം രൂക്ഷമായി. കണ്ണൂര് റെയില്വേ സ്റ്റേഷനില് നിന്ന് ഉച്ചക്ക് വന്ദേഭാരതിൽ മടങ്ങേണ്ട മന്ത്രിയെ കെഎസ്യു നേതാക്കൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കരിങ്കൊടി കാണിക്കുകയായിരുന്നു.
രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില് ഉന്തും തള്ളും ബഹളവും ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്ത്ത തീ പോലെ പടര്ന്നു. വ്യാപകമായി കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചു. മുഖ്യമന്ത്രി ഉള്പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്ന്നു.
രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്യുക്കാരെ ടൗണ് പൊലീസ് റെയില്വേ പൊലീസിന് കൈമറി. രാത്രി എഫ്ഐആര് ഇട്ടതോടെ പുലര്ച്ചെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കി റിമാന്ഡ് ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതികള്ക്ക് ജാമ്യം ലഭിച്ചത്.
കേസില് കെഎസ്യുക്കാരായ അഞ്ച് പ്രതികള്ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില് അടച്ചത്. പ്രമാദമായ കേസില് തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്കാതിരുന്ന മന്ത്രി രണ്ടു ദിവസം മുമ്പാണ് വിശദമായ മൊഴി നല്കിയത്. ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്ട്ടിഫിക്കറ്റിലും ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന് എത്തിയ ടൗണ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമമില്ല. അപ്പോഴും കഴുത്തിലെ കശേരുക്കളില് വേദനയുണ്ടെന്ന മെഡിക്കല് ബുള്ളറ്റിന് പരിയാരം ആശുപത്രിയില് നിന്ന് മണിക്കൂറുകളുടെ ഇടവേളയില് വന്നുകൊണ്ടേയിരുന്നു.
അതിന്റെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തില് നിന്ന് സ്വന്തം കാറില് മന്ത്രി നാട്ടിലേക്ക് തിരിച്ചു. മൊഴിയെടുക്കാന് അന്വേഷണ സംഘം പലകുറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില് കേസ് രണ്ടുമാസം പൂര്ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്കിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തില് ആ വകുപ്പ് ഒഴിവാക്കിയാവും റെയില്വേ പൊലീസ് കോടതില് കുറ്റപത്രം സമര്പ്പിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR