Enter your Email Address to subscribe to our newsletters

Washington , 26 ഏപ്രില് (H.S.)
യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും പ്രഥമ വനിത മെലാനിയയും പങ്കെടുത്ത ചടങ്ങിനിടെ വെടിവെയ്പ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറില് ആണ് വെടിവയ്പ്പ് ഉണ്ടായത്. ട്രംപിന് പരിക്കേറ്റിട്ടില്ലെന്നും ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. ട്രംപും മറ്റ് ഉന്നത യുഎസ് നേതാക്കളും വാഷിംഗ്ടണിലെ വേദിയില് നിന്ന് ഉടന് തന്നെ മാറി.
മാധ്യമപ്രവര്ത്തകര്ക്കായി ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് വിവരം. ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് യുഎസ് സീക്രട്ട് സര്വീസ് സ്ഥിരീകരിച്ചു. പരിപാടിയുടെ പ്രവേശന കവാടത്തിനടുത്തുള്ള വെടിവയ്പ്പിനെക്കുറിച്ച് ഏജന്സി അന്വേഷിക്കുന്നുണ്ടെന്ന് വക്താവ് ആന്റണി ഗുഗ്ലിയല്മി പറഞ്ഞു.
ചടങ്ങില് ഏകദേശം 2,600 പേര് വേദിയില് സന്നിഹിതരായിരുന്നു. അഞ്ച് മുതല് എട്ട് വരെ വെടിയൊച്ചകള് കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ട്രംപിന്റെ പ്രസംഗത്തിനായി കാത്തിരുന്ന നൂറുകണക്കിന് പത്രപ്രവര്ത്തകരും സെലിബ്രിറ്റികളും ദേശീയ നേതാക്കളും നിറഞ്ഞ വിരുന്ന് ഹാളില് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
പങ്കെടുക്കുന്നവരെ പുറത്തുകടക്കാന് അനുവദിച്ചെങ്കിലും വീണ്ടും പ്രവേശിക്കുന്നത് വിലക്കിയതിനാല്, വേദിക്ക് പുറത്തുള്ള സുരക്ഷ വളരെ കര്ശനമായിരുന്നു. ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സ് എന്നിവരുള്പ്പെടെയുള്ള പ്രമുഖരും നിരവധി കാബിനറ്റ് സെക്രട്ടറിമാരും ചടങ്ങില് പങ്കെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വര്ഷങ്ങളായി ഇത്തരം പരിപാടികള്ക്ക് ആതിഥേയത്വം വഹിക്കുന്ന ഹില്ട്ടണ് ഹോട്ടല് സാധാരണയായി പരിപാടിയുടെ സമയത്ത് അതിഥികള്ക്ക് തുറന്നിരിക്കും. സുരക്ഷ സാധാരണയായി ബോള്റൂം ഏരിയയില് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അത്താഴത്തില് പങ്കെടുക്കാത്ത ആളുകള്ക്ക് വളരെ കുറച്ച് സ്ക്രീനിംഗ് മാത്രമേയുള്ളൂ. അതേസമയം വെടിവെപ്പ് സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി.
ട്രംപ് നിയമപാലകരെ പ്രശംസിക്കുകയും വെടിവെപ്പ് നടത്തിയയാളെ പിടികൂടിയതായി സ്ഥിരീകരിക്കുകയും ചെയ്തു. 'ഡിസി സീക്രട്ട് സര്വീസും ലോ എന്ഫോഴ്സ്മെന്റും വളരെ മികച്ച ജോലി ചെയ്തു. അവര് വേഗത്തിലും ധീരമായും പ്രവര്ത്തിച്ചു. വെടിവെപ്പ് നടത്തിയയാളെ പിടികൂടി, 'ഷോ തുടരട്ടെ' എന്ന് ഞാന് ശുപാര്ശ ചെയ്തിട്ടുണ്ട്, പക്ഷേ, പൂര്ണ്ണമായും നിയമപാലകരുടെ മാര്ഗനിര്ദേശപ്രകാരം ആയിരിക്കും,' ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില് ട്രംപ് എഴുതി.
അതേസമയം കാലിഫോര്ണിയയിലെ ടോറന്സില് നിന്നുള്ള 31 വയസുള്ള കോള് ടോമാസ് അലന് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഫോക്സ് ന്യൂസും ന്യൂയോര്ക്ക് പോസ്റ്റ് കോളമിസ്റ്റുമായ കരോള് മാര്ക്കോവിച്ച്സ് പറഞ്ഞു. ''വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറില് വെടിയുതിര്ക്കാന് ശ്രമിച്ചയാള് കാലിഫോര്ണിയയിലെ ടോറന്സില് നിന്നുള്ള 31 വയസ്സുള്ള കോള് ടോമാസ് അലന് ആണ്, അയാള് കസ്റ്റഡിയിലാണ്,'' എന്നിരുന്നാലും, അക്രമിയുടെ ഐഡന്റിറ്റി അധികൃതര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR