Enter your Email Address to subscribe to our newsletters

Newdelhi , 26 ഏപ്രില് (H.S.)
സെൻസസ് നടപടിക്രമങ്ങൾ സർക്കാരിൻ്റെ കടമ മാത്രമല്ല, മറിച്ച് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻസസിൽ എല്ലാവരുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു.
സെൻസസ് സമയത്ത് ജനങ്ങൾ നൽകുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായും രഹസ്യമായും സൂക്ഷിക്കും. എല്ലാ പൗരന്മാരോടും ഈ പ്രക്രിയയിൽ പങ്കെടുക്കാനും 2027 ലെ സെൻസസ് വിജയകരമാക്കാനും മോദി ആഹ്വാനം ചെയ്തു. സുഹൃത്തുക്കളേ, ദേശിയ സെൻസസ് ഒരു സർക്കാർ ചുമതല മാത്രമല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണമായും സുരക്ഷിതമായും രഹസ്യമായും തുടരുന്നു, ശക്തമായ ഡിജിറ്റൽ സുരക്ഷയാൽ സംരക്ഷിക്കപ്പെടുന്നു, - പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സെൻസസ് പ്രക്രിയ രാജ്യത്ത് നിലവിൽ നടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാമ്പെയ്നാണെന്നും ഓരോ ഇന്ത്യക്കാരനും അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സെൻസസ് നടപടിക്രമങ്ങൾ ലോകത്തിലെ ഏറ്റവും വലിയ നടപടിക്രമമാണ്. 2027 ലെ സെൻസസ് ഡിജിറ്റൽ ആക്കിയിരിക്കുന്നു. എല്ലാ വിവരങ്ങളും ഡിജിറ്റൽ മാർഗങ്ങളിലൂടെ നേരിട്ട് രേഖപ്പെടുത്തുന്നു. ആളുകളുടെ വീടുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ എല്ലാവരോടും സംസാരിക്കുകയും വിവരങ്ങൾ അവിടെ തന്നെ നൽകുകയും ചെയ്യും.
ഈ സെൻസസിലെ നിങ്ങളുടെ പങ്കാളിത്തവും എളുപ്പമാക്കിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താം. ഔദ്യോഗിക സന്ദർശനത്തിന് 15 ദിവസം മുൻപ് നിങ്ങൾക്ക് സ്വയം വിരങ്ങള് നൽകാൻ സൗകര്യമുണ്ട്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വിശദാംശങ്ങൾ പൂരിപ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, അപേക്ഷകന് മൊബൈൽ അല്ലെങ്കിൽ ഇമെയിൽ വഴി ഒരു ഐഡി ലഭിക്കും. പിന്നീട്, ഉദ്യോഗസ്ഥൻ നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ നിങ്ങൾക്ക് ഈ ഐഡി കാണിച്ചാൽ മതി. ഇത് രണ്ടുതവണ വിവരങ്ങൾ നൽകേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു. സമയം ലാഭിക്കുകയും പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ, പട്ടിക തയാറാക്കൽ ജോലികൾ ഇതിനകം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഏകദേശം 12 ദശലക്ഷം (1.2 കോടി) കുടുംബങ്ങളുടെ വീടുകളുടെ പട്ടികപ്പെടുത്തൽ പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. മുൻപ് ഈ പ്രക്രിയയിലൂടെ കടന്നുപോയവർക്ക്, ഇത്തവണത്തെ അനുഭവം വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR