Enter your Email Address to subscribe to our newsletters

Ernakulam , 26 ഏപ്രില് (H.S.)
വീട്ടുമാലിന്യം കത്തിക്കുമ്പോള് പൊള്ളലേല്ക്കുന്ന അപകടങ്ങള് പതിവായത് പോർട്ടബിള് ഫർണസുകളുടെ പ്രചാരം കേരളത്തില് വർധിപ്പിക്കുകയാണ്.
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെ നൈറ്റിക്ക് തീപിടിച്ച് കോട്ടയം ളാക്കാട്ടൂരില് ജോമോള് എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മരിച്ചത് ഇത്തരം ഉപകരണങ്ങളെ കുറിച്ചുള്ള ചർച്ച സജീവമാക്കിയിരിക്കുകയാണ്. വീട്ടിലെയോ സ്ഥാപനങ്ങളിലെയോ ഖരമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും എളുപ്പത്തില്, പരിസ്ഥിതി സൗഹൃദപരമായി കത്തിച്ചുകളയാനാണ് പോർട്ടബിള് ഫർണസുകള് സഹായിക്കുക.
ഇതില് മാലിന്യം കത്തിക്കുന്നതിന് പ്രത്യേക ഉപകരണങ്ങളോ കല്ക്കരി, വൈദ്യുതി, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളോ ആവശ്യമില്ല. കുഞ്ഞുങ്ങളോ കിടപ്പുരോഗികളോ ഉള്ള വീടുകളില് ഉപയോഗിച്ച ഡയപ്പറുകള് പരിസ്ഥിതി സൗഹൃദപരമായി നിസ്സാരമായി നിർമാർജനം ചെയ്യാനും ഈ ഇൻസിനറേറ്ററുകള് സഹായിക്കുന്നു.
എടുത്തുകൊണ്ട് നടക്കാവുന്ന, ഗുണമേന്മയുള്ള സ്റ്റീലില് നിർമിച്ച ഇത്തരം ഫർണസുകള്ക്കിപ്പോള് ആവശ്യക്കാരേറുകയാണ്. മാലിന്യം കത്തിക്കുന്നതിന് പ്രത്യേക ഉപകരണങ്ങളോ കല്ക്കരി, വൈദ്യുതി, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളോ ആവശ്യമില്ലാത്ത സംവിധാനമായതിനാല് പുകയോ മണമോ പുറത്തേക്കു വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. 100 കിലോ മാലിന്യം കത്തിച്ചാലും വെറും മൂന്നുകിലോ ചാരം മാത്രം അവശേഷിപ്പിക്കുന്ന ഉപകരണങ്ങളും ലഭ്യമാണ്.
സാധാരണ ഇൻസിനറേറ്ററുകളില് മാലിന്യം കുത്തിനിറച്ച് ശേഷം തീ കൊടുക്കാറാണ് ചെയ്യുന്നത്. അതിനുപകരമായി പേപ്പർ കഷ്ണങ്ങള് തീകൊളുത്തി ഇട്ടാല് നിമിഷനേരം കൊണ്ടു തീ പടരുന്ന ഉപകരണങ്ങളുണ്ട്. അപ്പോള് ഖരമാലിന്യങ്ങള് ഒന്നൊന്നായി ഇതിനുള്ളിലേക്ക് ഇട്ടുകൊടുത്താല് വേഗത്തില് കത്തിത്തീരും. എയർ ടർബുലൻസ് എന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതായത് ഫർണസിനുള്ളില് തീപിടിച്ചാല് ഉടൻ ഫർണറിനു വശങ്ങളിലെ എയർ വെന്റുകള് ഫർണസിനകത്തേക്ക് ഓക്സിജൻ വലിച്ചെടുത്ത് തീയുടെ ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് 800 ഡിഗ്രിവരെയുള്ള താപനില സൃഷ്ടിക്കുകയും സകല വസ്തുക്കളെയും കത്തിച്ച് ചാമ്പലാക്കുകയും ചെയ്യുന്നു.
ചിരട്ട, വിറക്, മറ്റു ഖരമാലിന്യങ്ങള് എന്നിവയൊക്കെ അനായാസം ഇങ്ങനെ കത്തിച്ച് ചാമ്പലാക്കാം. ഫർണസിനൊപ്പം നീണ്ട വടിപോലുള്ള ഒരു സ്റ്റീല് ഉപകരണം കൂടി ലഭിക്കും. ഉപയോഗിച്ച നാപ്കിനുകള്, ഡയപ്പറുകള് എന്നിവ ഇതില് കോർത്തെടുത്ത് ഫർണസിനുള്ളിലേക്ക് വെക്കാൻ സാധിക്കും. 80 ശതമാനവും പുകയില്ലെന്നതാണ് മിക്ക ഉപകരണങ്ങളുടെയും പ്രത്യേകത. ചൂടാറിയ ശേഷം ഫർണസിന്റെ അകം ചൂലുവച്ച് തൂക്കുകയോ വെള്ളമൊഴിച്ച് കഴുകുകയോ ചെയ്യാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR