ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ വൻ വിമാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Newdelhi , 26 ഏപ്രില് (H.S.) തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ വൻ വിമാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ LX 147 വി
Swiss Air flight catches fire


Newdelhi , 26 ഏപ്രില് (H.S.)

തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ വൻ വിമാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ LX 147 വിമാനത്തിൻ്റെ എൻജിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം റൺവേയിൽ തന്നെ നിർത്താനായതിനാൽ വൻ അപകടം ഒഴിവായി.

വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ വേഗത്തിൽ നീങ്ങുന്നതിനിടെ ഒരു എൻജിനിൽ സാങ്കേതിക തകരാർ സംഭവിക്കുകയും പിന്നാലെ തീ പടരുകയുമായിരുന്നു. അപകടം മണത്ത പൈലറ്റ് ഉടൻ തന്നെ ടേക്ക് ഓഫ് റദ്ദാക്കി വിമാനം റൺവേയിൽ നിർത്തി. അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ ഉടനടി നടപ്പിലാക്കി. എന്ജിന് തകരാറിനെ തുടര്ന്ന് തീ പിടിത്തമുണ്ടായതും യാത്രക്കാരെ ഒഴിപ്പിച്ചതും സ്വിസ് എയര്ലൈന്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

228 മുതിർന്ന യാത്രക്കാരും നാല് കുട്ടികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും എമർജൻസി സ്ലൈഡുകൾ വഴിയും ഗോവണികൾ വഴിയും സുരക്ഷിതമായി പുറത്തെത്തിച്ചു.

‘ഡൽഹിയിൽ ഫ്ലൈറ്റ് എൽഎക്സ്147നുണ്ടായ അത്യാഹിതത്തെക്കുറിച്ച് അറിഞ്ഞു. എയർബസ് എ330, റജിസ്ട്രേഷൻ എച്ച്ബി–ജെഎച്ച്കെയ്ക്കാണ് അപകടമുണ്ടായത്. 228 യാത്രക്കാരും 4 കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്’ – സ്വിസ് എയർ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള വെപ്രാളത്തിനിടെ ആറ് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ഉടൻ തന്നെ വിമാനത്താവളത്തിന് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ലൈഡുകളിലൂടെ ഇറങ്ങുന്നതിനിടെയാണ് പരുക്കേറ്റതെന്നും ഇത് ഗുരുതരമല്ലെന്നും അനൗദ്യോഗിക റിപ്പോര്ട്ടുകളില് പറയുന്നു. വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയര്ലൈന്സ് അറിയിച്ചു.

വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും റൺവേ 28/10-ൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണ്, - ഡൽഹി എയർപോർട്ട് അതോറിറ്റി അറിയിച്ചു.

അന്വേഷണം ആരംഭിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർലൈൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻജിൻ തകരാറിലാകാനും തീപിടിക്കാനുമുള്ള കൃത്യമായ കാരണം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണ്. ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഹോട്ടൽ സൗകര്യവും പകരം വിമാനങ്ങളും ഏർപ്പെടുത്തിയതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.

അഗ്നിശമന സേനയുടെയും വിമാനത്താവള സുരക്ഷാ ജീവനക്കാരുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനം ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ടേക്ക് ഓഫിനിടെ എൻജിൻ പരാജയപ്പെടുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും പൈലറ്റുമാരുടെ കൃത്യമായ പരിശീലനമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News