വീട്ടുവളപ്പില് കുഴിച്ചിട്ട നിലയില് രണ്ടു മൃതദ്ദേഹങ്ങള്; ഇരട്ടക്കൊലപാതകം എന്ന് സംശയം
Idukki, 27 ഏപ്രില്‍ (H.S.) ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയില്‍ രണ്ടു മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ട നിലയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ശരീരഭാഗ
dead body


Idukki, 27 ഏപ്രില്‍ (H.S.)

ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയില്‍ രണ്ടു മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ട നിലയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആണ്‍മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകന്‍ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു. ഇരുവരെയും ഇവിടെ കൊന്നുകുഴിച്ചുമൂടിയതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലാണ്. ഈ മാസം രണ്ടാംതീയതി മുതലാണ് മേരിക്കുട്ടിയേയും റെജിയേയും കാണാതായത്. ഇളയമകനോട് ഇവരെപ്പറ്റി ചോദിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഇതേപ്പറ്റി സൂചിപ്പിച്ചതോടെ മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാനില്ല എന്ന് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഈ വീട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിലെ നായ്ക്കൂട്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇഞ്ചിക്ക് തടമെടുത്ത് പോലെ മണ്ണ് മാറ്റിയിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഒരു കാലിന്റെ ഭാഗം പുറത്തായത്.

അകത്തേക്ക് കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്ന നിഗമനത്തില്‍ പോലീസ് താല്‍കാലികമായി അന്വേഷണം നിര്‍ത്തിയിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, ഫോറന്‍സിക് വിദഗ്ധര്‍ വൈകാതെ സ്ഥലത്തെത്തും. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം മാത്രമേ കൊല്ലപ്പെട്ടത് മേരിക്കുട്ടിയും മകന്‍ റെജിയും തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

നെടുങ്കണ്ടത്തുനിന്നും പീരുമേട്ടില്‍നിന്നും കൂടുതല്‍ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ഇളയമകന്‍ സ്ഥലത്തില്ല എന്നാണ് വിവരം. ഇയാള്‍ക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാട്ടില്‍ ആരുമായും അധികം അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മക്കള്‍ രണ്ടുപേരും അവിവാഹിതരാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ അച്ഛനെയും സമാനമായ സാഹചര്യത്തില്‍ കാണാതായിരുന്നു. അതും ഇത്തരത്തില്‍ കൊലപാതകമാണോ എന്ന സംശയമാണ് ഉയരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News