'നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു'; മദ്യനയക്കേസില് കോടതിയില് ഹാജരാകില്ലെന്ന് അരവിന്ദ് കെജ്രിവാള്
New delhi, 27 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി നടപടികളുമയി ഇനി സഹകരിക്കില്ലെന്ന് മുന്‍ മഉഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ മുന്നില്‍ ഹാജരാകുന്നതിനാണ് അരവിന്ദ് കെജ്ര
Aam Aadmi Party (AAP) national convener Arvind Kejriwal


New delhi, 27 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി നടപടികളുമയി ഇനി സഹകരിക്കില്ലെന്ന് മുന്‍ മഉഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ മുന്നില്‍ ഹാജരാകുന്നതിനാണ് അരവിന്ദ് കെജ്രിവാള്‍ വിസമ്മതിച്ചത്. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതായും ജഡ്ജിയുടെ നിഷ്പക്ഷതയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം ജസ്റ്റിസ് ശര്‍മ്മയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ജഡ്ജിയുടെ മക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ പാനല്‍ അഭിഭാഷകരായി ജോലി ചെയ്യുന്നതും, തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായുള്ള അവരുടെ പ്രൊഫഷണല്‍ ബന്ധവും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ സ്വര്‍ണ കാന്ത ശര്‍മ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. ആര്‍എസ്എസ് അനുബന്ധ സംഘടനയായ അഖില്‍ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളില്‍ ജഡ്ജി പങ്കെടുത്തതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിയന്‍ സത്യാഗ്രഹ തത്വങ്ങള്‍ പിന്തുടര്‍ന്ന് ഈ കേസില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകില്ലെന്ന് കെജ്രിവാള്‍ അറിയിച്ചു. 'നീതി നടപ്പിലാക്കുക മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും വേണം' എന്ന അടിസ്ഥാന തത്വം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. സ്വന്തം മനഃസാക്ഷിയുടെ വിളി കേട്ടാണ് ഈ കടുത്ത തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സത്യപ്രതിജ്ഞ ഭരണഘടനയോടാണെന്നും നീതി ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ നിഗമനങ്ങളില്‍ എത്തുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും, കേസില്‍ നിന്ന് പിന്മാറുന്നത് തന്റെ കടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നും ജഡ്ജി നിരീക്ഷിച്ചു.

കോടതിയില്‍ ഹാജരാകാത്തത് കെജ്രിവാളിന് നിയമപരമായ തിരിച്ചടികള്‍ ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അദ്ദേഹത്തിനെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വാറന്റും തുടര്‍ന്ന് ജാമ്യമില്ലാ വാറന്റും പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചേക്കാം. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും കെജ്രിവാള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മദ്യനയക്കേസില്‍ കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലാണ് ഈ നാടകീയ നീക്കങ്ങള്‍ നടക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News