Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 ഏപ്രില് (H.S.)
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി. ഉയർന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മർദം ഉണ്ടാകുന്ന പക്ഷം മാത്രം അരമണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയറിനാണ് ഉന്നതതല യോഗം അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പുറത്തിറക്കിയ കെഎസ്ഇബിയുടെ ഔദ്യോഗിക പത്രക്കുറിപ്പിനെ ദുർവ്യാഖ്യാനിച്ച് 'കേരളത്തിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തി' എന്ന് പല മാധ്യമങ്ങളും വാർത്ത പ്രചരിപ്പിച്ചത് ഖേദകരമാണെന്ന് സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് പറഞ്ഞു.
ഇന്നലെ വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ലൈൻ ഓവർലോഡ് കാരണം രാത്രി 11.30 നുശേഷം മലബാർ മേഖലയിലെ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലും മാടക്കത്തറ - എളംകൂർ ലൈൻ ഓവർലോഡ് ആയതിനെത്തുടർന്ന് അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നു. ഇതുകൂടാതെ ട്രാൻസ്ഫോർമർ ലോഡ് ക്രമാതീതമായതിനെത്തുടർന്ന് കോഴിക്കോട് കുന്നമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അൽപ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്. സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ലെന്നും കെഎസ്ഇബി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിങ് ആവശ്യം
കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിങ് ആവശ്യമായി വന്നേക്കാമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിങ് ഇല്ലെന്നും കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മാത്രമാണ് ലോഡ് ഷെഡിങ്ങിൻ്റെ ആവശ്യം വരുന്നതെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും വൈദ്യുതി മുടങ്ങാൻ കാരണം ഓവർ ലോഡ് ആയി ഡ്രിപ്പായതാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള പെറ്റീഷൻ വൈകിച്ചത് റെഗുലേറ്ററി കമ്മിഷനാണ്. നടപടികൾ വൈകിയത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണം. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കെഎസ്ഇബി. പിന്നീട് വീണ്ടും ഇടപെട്ടാണ് അനുമതി വാങ്ങിയത്. കെഎസ്ഇബി നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമ്മിഷനുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR