ഊട്ടിയിലേക്കിനി ഗൂഡല്ലൂർ വഴി മാത്രം;സീസണ് തിരക്കില് ഗതാഗത നിയന്ത്രണം
Ooty, 29 ഏപ്രില് (H.S.) മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയില് ഇപ്പോള് സീസണാണ്. വേനലവധി കൂടി ആയതോടെ ഊട്ടിയിലേക്ക് തിരിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില് നടക്കാനിരിക്കുന്ന പ്രശസ്തമായ ഊട്ടിയിലെ
Ooty


Ooty, 29 ഏപ്രില് (H.S.)

മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയില് ഇപ്പോള് സീസണാണ്. വേനലവധി കൂടി ആയതോടെ ഊട്ടിയിലേക്ക് തിരിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില് നടക്കാനിരിക്കുന്ന പ്രശസ്തമായ ഊട്ടിയിലെ പുഷ്പമേള സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.

എന്നാല് ഊട്ടിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികള് ഇനി അല്പം ശ്രദ്ധിക്കേണ്ടി വരും. നീലഗിരി ജില്ലയില് ഗതാഗതം നിയന്ത്രിച്ച് കൊണ്ട് ജില്ലാ പൊലീസ് ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സഞ്ചാരികളുടെ തിരക്കും പുഷ്പമേളയോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്കും കണക്കിലെടുത്ത് ആണ് ജില്ലയില് ഗതാഗത നിയന്ത്രണം. ഊട്ടിയിലേക്കുന്ന സഞ്ചാരികളുടെ വാഹനങ്ങള് വഴിതിരിച്ച് വിടും.

ഏത് വഴി പോകണം?

മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് വരുന്ന ടൂറിസ്റ്റ് കാറുകൾ കാട്ടേരി ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സെലാസ്, കെൻഡല, കാട്ടേരി ഡാം, കെട്ടി, കൊല്ലിമല, ലവ്ഡെയ്ൽ വഴി പോയി മഞ്ചനക്കൊര, ബേൺഹിൽ വഴി ഊട്ടിയിൽ പ്രവേശിക്കണം. മേട്ടുപ്പാളയത്ത് നിന്ന് ഗൂഡല്ലൂർ/തോപ്പക്കാട് ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾ, വാനുകൾ, കാറുകൾ, മാക്സി കാബുകൾ എന്നിവ ലവ്ഡെയ്ൽ ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലവ്ഡെയ്ൽ റെയിൽവേ സ്റ്റേഷൻ, ഗാന്ധിനഗർ, മഞ്ചനക്കൊര, കാന്തൽ ട്രയാംഗിൾ, പിങ്കർപോസ്റ്റ് വഴി ഗുഡല്ലൂരിലേക്ക് അയയ്ക്കും.

കൂനൂരിൽ നിന്ന് ഊട്ടിയിലേക്ക് വരുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും മാക്സി കാബുകളും ആവിൻ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യും. അവിടെ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ വിനോദസഞ്ചാരികൾ സർക്കാർ ഷട്ടിൽ ബസ് ഉപയോഗിക്കണം. കോത്തഗിരിയിൽ നിന്ന് ഊട്ടിയിലേക്ക് വരുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും മാക്സി കാബുകളും ഗവൺമെന്റ് ആർട്സ് കോളജിലെ താത്ക്കാലിക പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യും. വിനോദസഞ്ചാരികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ അവിടെ നിന്ന് സർക്കാർ ഷട്ടിൽ ബസ് ഉപയോഗിക്കാം.

ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോകുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും കോത്തഗിരി വഴി മാത്രമേ പോകാവൂ. കുറച്ച് വാഹനങ്ങൾ വെല്ലിങ്ടൺ ബ്ലാക്ക്ബ്രിഡ്ജ്, കടപ്പേട്ട്, കോത്തഗിരി വഴി തിരിച്ചുവിടും. ടൂറിസ്റ്റ് വാഹനങ്ങൾ ഒരു കാരണവശാലും കൂനൂർ പാർലിയാർ വഴി പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഗുഡലൂരിൽ നിന്ന് ഊട്ടിയിലേക്ക് വരുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും മാക്സി കാബുകളും എച്ച്.പി.എഫ്. ഗോൾഫ് റോഡ് പ്രദേശത്ത് പാർക്ക് ചെയ്യും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിടെ നിന്ന് സഞ്ചാരികൾ സർക്കാർ ഷട്ടിൽ ബസ് ഉപയോഗിക്കണം.

ഗുഡലൂരിൽ നിന്ന് വരുന്ന ചെറിയ വാഹനങ്ങള്ക്ക് തലൈക്കുന്ത മഠം, കോഴിപ്പണ്ണൈ, സ്റ്റീഫൻ ചർച്ച് വഴി നഗരത്തിലേക്ക് പ്രവേശിക്കാം. കേരളത്തില് നിന്ന് നിരവധി പേർ ഊട്ടിയിലേക്ക് പോകുന്ന സമയമാണിത്. നാട്ടിലെ ചൂടില് നിന്ന് അല്പം ആശ്വാസം തേടിയും പുഷ്പ മേള ആസ്വദിക്കാനുമാണ് മലയാളികള് കൂടുതലും ഊട്ടിയിലെത്തുന്നത്. കേരളത്തില് നിന്ന് ഊട്ടിയിലെത്താൻ ഒന്നിലധികം റൂട്ടുകളുണ്ടെങ്കിലും ഇത്തവണ പക്ഷേ ഗൂഡല്ലൂർ വഴി മാത്രമേ സഞ്ചരിക്കാനാകൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News