Enter your Email Address to subscribe to our newsletters

Newdelhi , 29 ഏപ്രില് (H.S.)
ശബരിമല ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിർണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച്. ആരാധനാലയങ്ങളിൽ പ്രവേശനത്തിന് അവകാശം ഉന്നയിക്കുന്നത് ആചാരങ്ങളിൽ വിശ്വസിക്കുന്ന ഭക്തരാണോ അതോ അവിശ്വാസികളാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയുൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ ലിംഗവിവേചനവും മതസ്വാതന്ത്ര്യത്തിൻ്റെ പരിധിയും ചർച്ച ചെയ്യുന്ന ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, ഉത്തരേന്ത്യയിലുള്ള ഒരു അവിശ്വാസിക്ക് ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശന അവകാശം ഉന്നയിക്കാൻ എങ്ങനെ കഴിയും? എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. വ്യക്തിപരമായ വിശ്വാസമാണോ അതോ മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്ന് പരിശോധിക്കപ്പെടണം.
ഇന്ത്യയുടെ വൈവിധ്യമാണ് രാജ്യത്തിൻ്റെ കരുത്തെന്നും ഓരോ മതവിഭാഗത്തിനുമുള്ള പ്രത്യേക ആചാര സംരക്ഷണം ഭരണഘടനയുടെ ആർട്ടിക്കിൾ 26(ബി) ഉറപ്പാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ വൈവിധ്യങ്ങളെ മാനിക്കുന്നത് രാജ്യത്ത് ഐക്യം നിലനിർത്താൻ സഹായിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്. 2018-ലെ വിധി നിലനിൽക്കണമെന്ന് വാദിക്കുന്ന ബിന്ദു അമ്മിണി, കനകദുർഗ എന്നിവർക്കായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ്, ഹർജിക്കാരിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്നും അവരെ ക്ഷേത്രത്തിൽ തടയുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൻ്റെ (അയിത്ത നിർമാർജ്ജനം) ലംഘനമാണെന്നും വാദിച്ചു. സവർണരല്ലാത്ത ഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശിക്കാം, എന്നാൽ സ്ത്രീകൾക്ക് കഴിയില്ലെന്ന് ഇന്ദിര ജെയ്സിംഗ് പറഞ്ഞു. ആർട്ടിക്കിൾ 17 ഉള്ളതിനാൽ ജാതിഭേദമില്ലാതെ എല്ലാ പുരുഷന്മാർക്കും പ്രവേശിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സർഗ്ഗാത്മകമായ 10 മുതൽ 50 വയസ്സുവരെയുള്ള കാലഘട്ടത്തിൽ മാറ്റിനിർത്തുന്നത് പകുതി ജീവിതം നിഷേധിക്കുന്നതിന് തുല്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പത്തിനും അമ്പതിനും ഇടയിലുള്ള കാലം ഒഴിവാക്കി ജീവിക്കാൻ ഒരാളോട് പറയാനാകില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, സ്ത്രീകളെ തടയുന്നത് അവരുടെ ജാതി നോക്കിയല്ലെന്നും പ്രായപരിധി കണക്കിലെടുത്താണെന്നും കോടതി മറുപടി നൽകി. ആ സ്ത്രീയെ തടഞ്ഞത് അവർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുകൊണ്ടല്ലെന്നും 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീയായതിനാലാണെന്നും ബെഞ്ച് പ്രതികരിച്ചു.
ഒരു മതവിഭാഗത്തിൻ്റെ ആചാരങ്ങളിൽ ഏതൊക്കെയാണ് അനിവാര്യമെന്ന് നിശ്ചയിക്കുന്നത് കോടതിയെ സംബന്ധിച്ചിടത്തോളം അതീവ സങ്കീർണമായ കാര്യമാണെന്ന് ബെഞ്ച് ആവർത്തിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR